നോയിഡ: സ്ത്രീധനം ആവശ്യപ്പെട്ട് നടന്ന വഴക്കിനെ തുടര്‍ന്ന് അമ്മായിയമ്മ മരുമകളെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള കലുപുര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചഞ്ചല്‍ എന്ന യുവതിക്കാണ് അമ്മായിയമ്മയുടെ ക്രൂരത കാരണം ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തെ തുടര്‍ന്ന് അമ്മായിയമ്മ രാജ്കുമാരി ഒളിവിലാണെന്നും ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു. ചഞ്ചലിന്റെ സഹോദരന്‍ യശ്പാല്‍ ശര്‍മ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് രാജ്കുമാരിക്കെതിരെ കേസെടുത്തിരിക്കുന്നത്.
2010ലാണ് ത്രിഭൂവന്‍ എന്ന യുവാവുമായി ചഞ്ചലിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ത്രിഭൂവന് പുതിയ ബിസിനസ് തുടങ്ങാനായി അഞ്ച് ലക്ഷം രൂപ ചഞ്ചലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തുക നല്‍കാന്‍ സാധിക്കാത്തതിനാല്‍ രാജ്കുമാരി ചഞ്ചലിനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഡിസംബര്‍ 25ന് വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ട് അമ്മായിയമ്മ ചഞ്ചലുമായി വഴക്കുണ്ടാക്കുകയും രോക്ഷം പൂണ്ട് യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് രാജ്കുമാരി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ചഞ്ചലിനെ ആശുപത്രിയില്‍ എത്തിച്ചത്.
യുവതിക്ക് ശരീരത്തിന്റെ 75 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്നും നില അതീവ ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവം നടക്കുന്നതിന് മുമ്പ് ചഞ്ചല്‍ തന്നെ വിളിച്ചിരുന്നുവെന്നും പണം ആവശ്യപ്പെട്ട് അമ്മായിയമ്മ അവളെ ക്രുരമായി ഉപദ്രവിച്ചെന്നും കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സഹോദരന്‍ യശ്പാലിന്റെ പരാതിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ പണം ആവശ്യപ്പെട്ട് ചഞ്ചലിനെ ചൂഷണം ചെയ്തിരുന്നുവെന്നും ത്രിഭൂവന്‍ മദ്യപാനിയാണെന്നും പരാതിയിലുണ്ട്. ത്രിഭൂവന്‍, പിതാവ് പ്രകാശ്, രാജ് കുമാരി, ഭര്‍ത്തൃ സഹോദരന്‍ സോനു എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.