ന്യൂഡല്‍ഹി : രാജ്യദ്രോഹനിയമം മരവിപ്പിച്ച് കൊണ്ടുള്ള സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പുനപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയ സുപ്രീംകോടതി ഇതില്‍ തീരുമാനം ഉണ്ടാകും വരെ കേന്ദ്രവും സംസ്ഥാനങ്ങളും എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ രാജ്യദ്രോഹ കേസുകളില്‍ അന്വേഷണം തുടരുകയോ ചെയ്യരുതെന്ന് ഉത്തരവിട്ടു.
Sedition Law | Supreme Court allows the Central government to re-examine and reconsider the provisions of Section 124A of the IPC which criminalises the offence of sedition. Supreme Court says till the exercise of re-examination is complete, no case will be registered under 124A. pic.twitter.com/xrjHNyLbA6
— ANI (@ANI) May 11, 2022
ഇക്കാലയളവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ക്ക് കോടതിയെ സമീപിക്കാം. ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായും കോടതിയിലെത്താം. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.
രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കാനാകില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് സുപ്രീം കോടതി അംഗീകരിച്ചില്ല. 124 എ വകുപ്പ് പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പറഞ്ഞ കോടതി, ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ചു.
152 കൊല്ലം പഴക്കമുള്ള, കോളനിവാഴ്ചക്കാലത്തെ നിയമം എന്തുകൊണ്ട് ഒഴിവാക്കിക്കൂടെന്ന് ചീഫ് ജസ്റ്റിസ് മുമ്പും കേന്ദ്രത്തോട് ചോദിച്ചിരുന്നു. ചീട്ടുകളിക്കാര്‍ക്കെതിരെ പോലും രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന തരത്തില്‍ വിശാലമാണ് 124എ വകുപ്പ് എന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇതിന്റെ ദുരുപയോഗത്തില്‍ കടുത്ത ആശങ്കയും അറിയിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ മഹാത്മാഗാന്ധിയെപ്പോലുള്ളവരെ നിശബ്ദരാക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച വ്യവസ്ഥ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം.