വാരണാസി: അയോധ്യയിലെ രാമക്ഷേത്രത്തിനായി 90 ലക്ഷം രൂപ വിലവരുന്ന ഭൂമി ദാനം ചെയ്യുമെന്ന് മുസ്ലിമായ ഡോ. മുഹമ്മദ് സമർ ഗസ്നി. ഭൂമി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കാവി വസ്ത്രം ധരിച്ച് ഈദ് പ്രാർത്ഥന ചെയ്ത ഗസ്നി നേരത്തെ വാർത്തകളിൽ ഇടംനേടിയിരുന്നു. അയോധ്യയിലും കാവിയിലും മുസ്ലിങ്ങൾക്ക് അലോസരമില്ലെന്നും അവർ അത് ഇഷ്ടപ്പെടുന്നുവെന്നുമുള്ള സന്ദേശം ഇതു നൽകുമെന്ന് ഡോ. ഗസ്‌നി പറയുന്നു.
സ്വത്ത് രേഖകൾ യോഗിക്ക് കൈമാറുമെന്നും അത് വിൽപന നടത്തി കിട്ടുന്ന തുക രാമക്ഷേത്രം പണിയാൻ ചെലവഴിക്കുമെന്നും സമർ ഗസ്‌നി പറഞ്ഞു. നേരത്തെ ബിജെപി ന്യൂനപക്ഷ സമാജ് മോർച്ചയുടെ സംസ്ഥാന മന്ത്രി കൂടിയായിരുന്നു ഗസ്‌നി.
അയോധ്യയിൽ രാമക്ഷേത്ര നിർമാണവുമായി സഹകരിക്കാൻ താനും ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടാണ് തന്റെ സ്വകാര്യ സ്വത്ത് യോഗിക്ക് കൈമാറാൻ ആഗ്രഹിക്കുന്നതെന്നും ഗസ്നി മാധ്യമങ്ങളോട് പറഞ്ഞു. 2024ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യോഗിക്കും മോദിക്കും ബിജെപിക്കും അനുകൂലമായി മുസ്ലിങ്ങൾ വലിയതോതിൽ വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി യോഗി ഒരു മതത്തിനും എതിരല്ലെന്നും കുറ്റവാളികൾക്കും മാഫിയകൾക്കും മാത്രമാണ് അവർ ശത്രുക്കളാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാവി വസ്ത്രം ധരിച്ച് നിസ്കരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, മുഖ്യമന്ത്രി യോഗിയുടെ കാവി വസ്ത്രം ഒരു പ്രത്യേക മതത്തിനോ മുസ്ലിമിനോ എതിരല്ലെന്ന സന്ദേശമാണ് ഇത് രാജ്യത്തിന് മുഴുവൻ നൽകിയതെന്ന് ഗസ്‌നി പറഞ്ഞു. കാവി ഗുണ്ടകൾക്കും മാഫിയകൾക്കും എതിരാണ്. ഈ കാവി നിറം യുപിയെ ഒരു പ്രത്യേകതയുള്ള സംസ്ഥാനമാക്കുകയാണ്. അത് രാജ്യത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടേണ്ടവയാണ്.
കാവി നിറമുള്ളവർ മാത്രമാണ് സംസ്ഥാനത്തെ ഉയരങ്ങളിലെത്തിച്ചതെന്നും യഥാർത്ഥ അർത്ഥത്തിൽ രാമരാജ്യം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഹിന്ദുക്കൾക്കൊപ്പം മുസ്ലീങ്ങളും പരസ്പരം ആശ്ലേഷിച്ച് മുന്നോട്ട് പോകേണ്ടിവരുമെന്ന് ഗസ്‌നി പറഞ്ഞു.