ഉജ്ജെയ്ന്‍ : വിവാഹച്ചടങ്ങുകള്‍ക്കിടെ കറന്റ് പോയതിനെത്തുടര്‍ന്ന് സഹോദരിമാരെ വരന്മാര്‍ മാറി വിവാഹം ചെയ്തു. മധ്യപ്രദേശിലെ ഉജ്ജെയ്‌നില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വിവാഹം നടക്കേണ്ട സമയത്ത് വൈദ്യുതി തകരാറായതോടെ സഹോദരിമാരുടെ കല്യാണം പരസ്പരം മാറിപ്പോകുകയായിരുന്നു.
ഉജ്ജെയ്ന്‍ സ്വദേശികളായ നികിത, കരിഷ്മ എന്നിവരുടെ വിവാഹം ഒരേദിവസം ഒരേ കല്യാണപ്പന്തലിലാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഡംഗ്‌വാര ബോല, ഗണേഷ് എന്നിവരായിരുന്നു വരന്മാര്‍. ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ കറന്റ് പോയി. ഇതോടെ ഉണ്ടായിരുന്ന വെളിച്ചത്തില്‍ വിവാഹച്ചടങ്ങുകള്‍ നടത്തി ഇരുകൂട്ടരും വീടുകളിലേക്ക് മടങ്ങി. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് യുവതികളെ മാറിപ്പോയതായി എല്ലാവരും തിരിച്ചറിയുന്നത്. ഒരേ രീതിയില്‍ വസ്ത്രം ചെയ്തതും ഒരേ മൂടുപടം അണിഞ്ഞിരുന്നതും മൂലം വരന്മാര്‍ പെണ്‍കുട്ടികളെ തിരിച്ചറിയാതെ പോകുകയായിരുന്നു. വിവാഹത്തിന് കാര്‍മികത്വം വഹിച്ച പുരോഹിതനും അബദ്ധം മനസ്സിലായില്ല.
Also read : വരന്‍ മുണ്ടിന് പകരം ഷെര്‍വാണി അണിഞ്ഞു : വിവാഹപ്പന്തലില്‍ സംഘര്‍ഷം
ചെറിയ തര്‍ക്കമുണ്ടായെങ്കിലും സംഭവം ഒത്തുതീര്‍പ്പിലെത്തിയതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം ഒരിക്കല്‍ കൂടി ചടങ്ങുകള്‍ എല്ലാം നടത്താനാണ് കുടുംബങ്ങളുടെ തീരുമാനം.
Discussion about this post