ഭോപ്പാല്‍ : വരന് ഷെര്‍വാണി ധരിച്ചതിനെച്ചൊല്ലി വിവാഹപ്പന്തലില്‍ സംഘര്‍ഷം. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ഗോത്രസമുദായത്തില്‍ നടന്ന വിവാഹത്തിലാണ് വരന്റെ വേഷത്തെച്ചൊല്ലി തര്‍ക്കമുണ്ടായത്. ഇരുകുടുംബങ്ങളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.
ഗോത്രത്തിന്റെ ആചാരമനുസരിച്ച് വിവാഹച്ചടങ്ങില്‍ വരന് മുണ്ട് ധരിക്കണമെന്ന് വധുവിന്റെ വീട്ടുകാര്‍ നിര്‍ബന്ധം പറഞ്ഞിരുന്നു. എന്നാല്‍ ഷെര്‍വാണി ധരിച്ചാണ് വരന് സുന്ദര്‍ലാല്‍ വിവാഹത്തിനെത്തിയത്. ഇത് ഇഷ്ടപ്പെടാതിരുന്ന വധുവിന്റെ വീട്ടുകാര്‍ മുണ്ട് ധരിച്ച് മാത്രമേ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കൂ എന്നറിയിച്ചു. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കം മൂക്കുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
വഴക്ക് മൂത്ത് പരസ്പരം കല്ലെറിയുന്നത് വരെ കാര്യങ്ങളെത്തി. കല്ലേറിലാണ് ആളുകള്‍ക്ക് പരിക്കേറ്റിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് വിവാഹത്തിനെത്തിയവര്‍ പോലീസില്‍ പരാതി നല്‍കുകയും ഇരുകൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. വധുവിന്റെ വീട്ടുകാരുമായി പ്രശ്നങ്ങളൊന്നുമില്ലെന്നറിയിച്ച സുന്ദര്‍ലാല്‍ വിവാഹത്തിനെത്തിയ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നുവെന്ന് ആരോപിച്ചു.
പോലീസ് താക്കീത് നല്കി വിട്ടയച്ചതിന് ശേഷം ശനിയാഴ്ച തന്നെ ഇവര്‍ ധാര്‍ സിറ്റിയിലെത്തി വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. കല്ലേറില്‍ തങ്ങള്‍ക്ക് പരിക്കേറ്റുവെന്നാരോപിച്ച് സ്ത്രീകളുള്‍പ്പടെയുള്ളവര്‍ ധാംനോട് പോലീസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു.
Discussion about this post