ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നവവധുവും ഇവരുടെ കാമുകനും ഉൾപ്പടെ ആറു പേർ അറസ്റ്റിൽ. സിദ്ധിപ്പേട്ട് സ്വദേശി കെ ചന്ദ്രശേഖർ ആണ് കൊല്ലപ്പെട്ടത്. നവവധു ശ്യാമള(19), കാമുകൻ ശിവകുമാർ(20), ഇയാളുടെ സുഹൃത്തുക്കളായ രാകേഷ്, രഞ്ജിത്ത്, ബന്ധുക്കളായ സായ് കൃഷ്ണ, ഭാർഗവ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഏപ്രിൽ 28നാണ് ചന്ദ്രശേഖർ മരണപ്പെട്ടത്. ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു ശ്യാമള ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ യുവാവിന്റെ മാതാവ് പോലീസിൽ പരാതി നൽകി. ശേ,ം നടത്തിയ അന്വേഷണത്തിലാണ് നവവധുവിന്റെ കൊടുംക്രൂരത അറിഞ്ഞത്.
ഭർത്താവിനെ താനും കാമുകനും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയതാണെന്ന് ശ്യാമള പൊലീസിനോടു സമ്മതിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ശ്യാമളയും ശിവകുമാറും പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി ഈ വർഷം മാർച്ച് 23ന് ചന്ദ്രശേഖറിനെ വിവാഹം കഴിക്കുകയായിരുന്നു. ഇതിനുശേഷവും ശിവകുമാറുമായി ശ്യാമള ബന്ധം തുടർന്നിരുന്നു. തുടർന്ന് ഭർത്താവിനെ ഒഴിവാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു.
നേരത്തെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഈ പദ്ധതി നടന്നില്ല. പിന്നീട് ഏപ്രിൽ 28ന് തന്നെയും കൂട്ടി ക്ഷേത്രത്തിൽ പോകാൻ ചന്ദ്രശേഖറിനോട് ശ്യാമള ആവശ്യപ്പെട്ടു. ക്ഷേത്രത്തിലേക്ക് പോകുന്നവഴി മുൻനിശ്ചയിച്ച പ്രകാരം ഇവർ സഞ്ചരിച്ച ബൈക്ക് ശിവകുമാറും കൂട്ടാളികളും തടഞ്ഞു. പിന്നാലെ, ചന്ദ്രശേഖറിനെ ആക്രമിച്ച് ശ്യാമള കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.