ബംഗളൂരു: മകന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കാൻ പറ്റാത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരു സ്വദേശിയായ തേജസ്വിനി (35) ആണ് വീട്ടിലെ മുറിയിൽ ജീവനൊടുക്കിയത്. പണമില്ലാത്തത് മൂലമാണ് പിറന്നാൾ ആഘോഷം നടത്താൻ സാധിക്കാതെ വന്നത്.
കർഷകനായ ശ്രീകാന്താണ് തേജസ്വിനിയുടെ ഭർത്താവ്. നാല് വയസ്സുകാരി ദീക്ഷയും രണ്ട് വയസ്സുകാരൻ ധനുഷുമാണ് ഇവരുടെ മക്കൾ. ഇതിൽ ഇളയവനായ ധനുഷിന്റെ പിറന്നാളാണ് ആഘോഷിക്കാൻ കഴിയാതെയായത്. കന്നുകാലി വളർത്തൽ തുടങ്ങാൻ ശ്രീകാന്ത് ലോൺ എടുത്തതും ബിസിനസ് തകർന്നതോടെ ഇത് വീട്ടാൻ കഴിയാതിരുന്നതും ഇവരെ കടക്കെണിയിലാക്കി.
കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയോർത്ത് ആശങ്കപ്പെട്ടിരുന്ന തേജസ്വിനിയെ മകന്റെ പിറന്നാൾ ആഘോഷിക്കാൻ കഴിയാതെ വന്നത് ഏറെ നിരാശയിലാക്കിയെന്ന് പോലീസ് പറയുന്നു. കുഞ്ഞിന്റെ പിറന്നാൾ ആഘോഷിക്കണമെന്ന് തേജസ്വിനി ശ്രീകാന്തിനോട് പറഞ്ഞിരുന്നു. എന്നാൽ, മൈസൂരിലുള്ള താൻ തിരിച്ചുവന്നിട്ട് ആലോചിക്കാമെന്നാണ് സാമ്പത്തിക കാര്യങ്ങൾ വിശദീകരിച്ച് ശ്രീകാന്ത് പറഞ്ഞത്. ഇതിൽ ദുഖിതയായാണ് യുവതി ജീവനൊടുക്കിയതെന്ന് സഹോദരൻ അജയ്കുമാർ പറഞ്ഞു.
Discussion about this post