പാട്ന: പാട്ന വുമൺസ് കോളേജിനു മുന്നിൽ ചായക്കട നടത്തി വൈറലായ പ്രിയങ്ക ഗുപ്ത എന്ന ഇക്കണോമിക്സ് ബിരുദധാരി ഇനി ഫുഡ് ട്രക്ക് നടത്താനുള്ള ഒരുക്കത്തിൽ. അടുത്തിടെയാണ് പ്രിയങ്ക തനിക്ക് ജോലി ലഭിക്കാത്തതിനെ തുടർന്ന് ചായക്കട തുടങ്ങിയത്. ബിരുദധാരി ചായക്കട തുടങ്ങിയത് വാർത്തകളിലും സോഷ്യൽമീഡിയയിലും ഒരുപോലെ ചർച്ചയായ ഒന്നാണ്.
ഈ ചായക്കട ക്ലിക്കായതോടെയാണ് പ്രിയങ്ക തന്റെ പുതിയ ചുവടുവെയ്പ്പ് നടത്തിയത്. ചായക്കൊപ്പം ചെറുകടികളും ഫുഡ് ട്രക്കിൽ ഉണ്ടാകും. എന്നാൽ ചായക്കട നിർത്താനും പ്രിയങ്ക ഉദ്ദേശിച്ചിട്ടില്ല. പ്രിയങ്കയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ ഒരാളാണ് ഫുഡ് ട്രക്ക് വാഗ്ദാനം ചെയ്തത്. ആദ്യം നിരസിച്ചെങ്കിലും പിന്നീട് പണം നൽകാം എന്ന വ്യവസ്ഥയിൽ പ്രിയങ്ക ഓഫർ സ്വീകരിക്കുകയായിരുന്നു.
ഫുഡ് ട്രക്കിൽ, ഒരു പ്രൊഫഷണൽ ടീ മേക്കറെ നിയമിക്കാനും പ്രിയങ്ക ലക്ഷ്യമിടുന്നുണ്ട്. ഇതുവരെ, ചായക്കടയിലെ എല്ലാ ജോലികളും ഒറ്റയ്ക്കാണ് കൈകാര്യം ചെയ്തിരുന്നത്. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ ട്രക്ക് എത്തുമെന്നും പ്രിയങ്ക പറഞ്ഞു. ഇക്കണോമിക്സ് ബിരുദധാരിയായ പ്രിയങ്ക കഴിഞ്ഞ രണ്ടു വർഷമായി ബാങ്ക് മൽസര പരീക്ഷകൾ എഴുതി വരികയാണെന്നും അതൊന്നും വിജയം കാണാത്തതിനെ തുടർന്ന് സ്വയം തൊഴിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പാറ്റ്ന വുമൺസ് കോളേജിനു പുറത്ത് ‘ചായ് വാലി’ എന്ന പേരിൽ ഒരു ചായക്കട തുടങ്ങിയത്. അപാൻ ചായയും ചോക്കലേറ്റ് ചായയും ഉൾപ്പെടെ, നാല് വ്യത്യസ്തമായ രുചികളിലാണ് പ്രിയങ്കയുടെ കടയിലെ ചായകൾ ലഭിക്കുന്നത്.
‘കഴിഞ്ഞ രണ്ട് വർഷമായി, ബാങ്ക് മത്സര പരീക്ഷകളിൽ വിജയിക്കാൻ ഞാൻ തുടർച്ചയായി ശ്രമിച്ചെങ്കിലും എല്ലാം വെറുതെയായി. എന്നാൽ വീട്ടിലേക്ക് മടങ്ങുന്നതിന് പകരം, ഉന്തുവണ്ടിയിൽ ഒരു ചായക്കട തുടങ്ങാനായിരുന്നു എന്റെ തീരുമാനം. നഗരത്തിൽ ഇങ്ങനൊരു ചായക്കട നടത്തുന്നതിൽ എനിക്ക് നാണക്കേട് തോന്നുന്നില്ല. ആത്മനിർഭർ ഭാരതത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് ഞാൻ ഈ വ്യവസായത്തെ കാണുന്നത്’, പ്രിയങ്ക പ്രതികരിച്ചു.
Discussion about this post