‘ഹിന്ദു വിഗ്രഹങ്ങളുണ്ടോ എന്ന് നോക്കണം’ : താജ്മഹലിലെ മുറികള്‍ തുറക്കണമെന്നാവശ്യപ്പെട്ട്‌ ഹര്‍ജി

ലഖ്‌നൗ : ഹിന്ദു വിഗ്രഹങ്ങളുണ്ടോ എന്നറിയാന്‍ താജ്മഹലിലെ അടച്ചിട്ടിരിക്കുന്ന 22 മുറികള്‍ തുറന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ബിജെപിയുടെ അയോധ്യ വിങ് മീഡിയ ഇന്‍ചാര്‍ജ് ഡോ.രാജ്‌നീഷ് സിങ് ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

താജ്മഹലിനുള്ളിലെ അടച്ചിട്ട മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും മറ്റുമുണ്ടെന്നത് പണ്ട് മുതലേയുള്ള വിവാദമാണെന്നും സത്യം എന്തായാലും പുറത്തു വരേണ്ടത് അത്യാവശ്യമാണെന്നും കണ്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നതെന്നുമാണ്‌ സിങ്ങിന്റെ വാദം. മുറികള്‍ തുറന്ന് വിവാദത്തിന് അന്ത്യമുണ്ടാക്കണമെന്നും ഈ ആവശ്യത്തിനായി കമ്മിറ്റിയെ നിയമിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കണമെന്നും സിങ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

“2020 മുതല്‍ മുറികളിലെ രഹസ്യം പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഞാന്‍. വിവരാവകാശവും ഫയല്‍ ചെയ്തിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ മുറികള്‍ അടച്ചിട്ടിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനുള്ളിലെന്താണെന്നറിഞ്ഞ് വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് ശ്രമം”. സിങ് പ്രതികരിച്ചു.

താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന വാദപ്രതിവാദങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. താജ് മഹല്‍ തേജോ മഹാലയ എന്ന് പേരുള്ള ശിവക്ഷേത്രമായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിച്ചു പോരുന്ന ഒരുപാട് ആളുകളുണ്ട്. ഇത്തരത്തില്‍ വാദിക്കുന്ന ചില ചരിത്രകാരന്മാരുടെയും ഹിന്ദു സംഘടനകളുടെയും വാദങ്ങളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version