ചെന്നൈ: അധികാരത്തിലേറിയിട്ട് ഒരു വർഷം പിന്നിടുന്ന വേളയിൽ സർക്കാർ ബസിൽ ജനങ്ങൾക്കൊപ്പം യാത്ര ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ജനങ്ങളോട് വിശേഷങ്ങൾ തിരക്കിയും വിവരങ്ങൾ ചോദിച്ചറിഞ്ഞുമായിരുന്നു സ്റ്റാലിന്റെ യാത്ര.
ചെന്നൈയിലെ രാധാകൃഷ്ണൻ ശാലൈ റോഡിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. സ്ത്രീ യാത്രക്കാർക്ക് ടിക്കറ്റ് സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി ബസിലെ സ്ത്രീ യാത്രക്കാരുമായി പങ്കുവച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പ്രധാന വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് സൗജന്യ യാത്ര. ഈ വാഗ്ദാനമാണ് അധികാരത്തിലേറിയ ഉടനെ പാലിച്ചത്.
എല്ലാ സർക്കാർ സ്‌കൂളുകളിലും വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം സൗജന്യമായി നൽകുന്നതുൾപ്പെടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങൾ എംകെ സ്റ്റാലിൻ നടത്തിയിട്ടുണ്ട്. ഡിഎംകെ സ്ഥാപകൻ സി.എൻ. അണ്ണാദുരൈ, മുൻ മുഖ്യമന്ത്രിയും പിതാവുമായ എം.കരുണാനിധി എന്നിവരുടെ ശവകുടീരവും സന്ദർശിച്ചു. എഐഎഡിഎംകെയുടെ പത്ത് വർഷത്തെ ഭരണത്തിനു ശേഷം 2021ലാണ് സ്റ്റാലിൻ അധികാരത്തിലെത്തിയത്.