ചെന്നൈ: ഷവർമ്മയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ തമിഴ്നാട്ടിലും റിപ്പോർട്ട് ചെയ്തു. തഞ്ചാവൂരിലെ ഒരത്തനാട്ടിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗവ. വെറ്ററിനറി കോളജിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
കന്യാകുമാരി സ്വദേശി പ്രവീൺ, പുതുക്കോട്ട സ്വദേശി പരിമളേശ്വരൻ, ധർമപുരി സ്വദേശി മണികണ്ഠൻ എന്നീ മൂന്ന് വിദ്യാർഥികളാണ് ആശുപത്രിയിലായത്. തൊട്ടടുത്തുള്ള ഫാസ്റ്റ് ഫുഡ് സെന്ററിൽനിന്നാണ് കുട്ടികൾ ചിക്കൻ ഷവർമ കഴിച്ചത്. ഭക്ഷണം കഴിച്ചശേഷം വിദ്യാർഥികൾ ഹോസ്റ്റലിലേക്കു മടങ്ങി.
എന്നാൽ മിനിറ്റുകൾക്കകം വിദ്യാർഥികൾക്കു ഛർദ്ദി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. ഉടൻ തന്നെ കോളേജ് അധികൃതരെ വിവരമറിയിക്കുകയും സർക്കാർ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഒരത്തനാട് പോലീസ് കേസെടുക്കുകയും ചെയ്തു.
അടുത്തിടെ, വ്യാഴാഴ്ച മധുരയിലെ നിരവധി കടകളിൽ ഭക്ഷ്യസുരക്ഷാ സംഘം നടത്തിയ റെയ്ഡിൽ അഞ്ച് കടകളിൽനിന്ന് 10 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയിരുന്നു. പഴകിയ ഇറച്ചി കൈവശം വച്ചതിനു ഭക്ഷണശാലയിൽനിന്ന് അന്വേഷണ സംഘം വിശദീകരണം തേടിയിട്ടുണ്ട്.
Discussion about this post