ചെന്നൈ: ഈദ് വിരുന്നിനെത്തിയ അതിഥി ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ആഭരണം മോഷ്ടിച്ച് വിഴുങ്ങി, വയറിളക്കി ആഭരണം തിരിച്ചെടുത്ത് പോലീസ്. ചെന്നൈയിലാണ് സംഭവം നടന്നത്. പിടിക്കപ്പെടാതിരിക്കാന്‍ മോഷ്ടാവ് ആഭരണങ്ങള്‍ വിഴുങ്ങുകയായിരുന്നു.
ജ്വല്ലറി സ്റ്റോറിലെ ജീവനക്കാരിയായ യുവതിയുടെ ഈദ് സല്‍ക്കാരത്തിന് സുഹൃത്തിനെ ക്ഷണിച്ചപ്പോള്‍ ഒപ്പമെത്തിയതായിരുന്നു സുഹൃത്തിന്റെ കാമുകനായ പ്രതി. സല്‍ക്കാരത്തിനിടെ ഇയാള്‍ 1.45 ലക്ഷം വിലമതിപ്പുള്ള ആഭരണങ്ങള്‍ മോഷ്ടിച്ചു. പിടിക്കപ്പെടാതിരിക്കാന്‍ ബിരിയാണി കഴിക്കവെ ഇതിനൊപ്പം ആഭരണങ്ങളും വിഴുങ്ങി.
വിരുന്ന് കഴിഞ്ഞ് അതിഥികള്‍ പോയതോടെയാണ് ഡയമണ്ട് നെക്ലേസ്, സ്വര്‍ണാഭരണങ്ങള്‍ എന്നിവ കാണാനില്ലെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. അതിഥികളെ വിളിച്ച് ഇവര്‍ പരിശോധന നടത്തി. ഇതിനിടെയാണ് വിരുന്നിനെത്തിയ സുഹൃത്തിനൊപ്പം വന്ന കാമുകനില്‍ ഇവര്‍ സംശയം പ്രകടിപ്പിച്ചത്. ഉടനെ തന്നെ വിരുഗമ്പക്കം പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
Read Also: വിവാഹത്തിന് മാസങ്ങള്‍ മാത്രം, തട്ടിപ്പുകേസില്‍ ഭാവിവരനെ കൈയ്യോടെ പിടികൂടി വനിത എസ്‌ഐ
പോലീസ് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. വയറില്‍ ആഭരണങ്ങളുണ്ടെന്ന് മനസ്സിലായതോടെ ഡോക്ടര്‍മാര്‍ മുഖേന ഇയാള്‍ക്ക് വയറിളക്കാനുള്ള മരുന്ന് നല്‍കി. പിറ്റേ ദിവസം വയറിളകിയതോടെ നെക്ലേസും സ്വര്‍ണവും തിരിച്ചു കിട്ടി. എന്നാല്‍ ഒരു ലോക്കറ്റ് വയറില്‍ കുടുങ്ങിക്കിടന്നു. ഒടുവില്‍ വയര്‍ പിന്നെയും മയപ്പെടാന്‍ വേണ്ടി വീണ്ടും മരുന്ന് നല്‍കി ലോക്കറ്റും തിരിച്ചെടുത്തു.
താന്‍ മദ്യലഹരിയില്‍ ചെയ്ത് പോയതാണെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ആഭരണം തിരിച്ചു കിട്ടിയതോടെ പരാതിക്കാരി പരാതി പിന്‍വലിക്കുകയും ചെയ്തു.