ഭോപ്പാല്‍: ഇടിമിന്നലേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന് ചാണകത്തില്‍ പൊതിഞ്ഞ് ചികിത്സ, അന്ധവിശ്വാസം കാരണം 18കാരന് ജീവന് നഷ്ടപ്പെട്ടു. ഇടിമിന്നലേറ്റ യുവാവിന്റെ ജീവന് രക്ഷിക്കാന്‍ എന്നു പറഞ്ഞു നാട്ടുകാര്‍ ചാണകത്തില്‍ പൊതിഞ്ഞു കിടത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതോടെ ഇയാള്‍ മരിക്കുകയായിരുന്നു.
മധ്യപ്രദേശിലെ അംബികാപൂരിനു സമീപമാണ് സംഭവം നടന്നത്. അപകടത്തില്‍ മരിച്ച യുവാവ് പിതാവ് ജ്യോതിഷ് കുമാര്‍ തോപ്പോയൊടൊപ്പം വയലില്‍ ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ഇവിടെ ശക്തമായ ഇടിമിന്നല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇരുവരും അടുത്തു തന്നെയുള്ള വീട്ടിലേയ്ക്ക് ഓടിക്കയറി.
എന്നാല്‍ ഇതിനിടെ വീണ്ടും ശക്തമായ ഇടിമിന്നലുണ്ടാകുകയും 18കാരന് മിന്നലേല്‍ക്കുകയുമായിരുന്നു. എന്നാല്‍ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം അന്ധവിശ്വാസം പരീക്ഷിക്കാനാണ് ഗ്രാമവാസികള്‍ തുനിഞ്ഞത്.
മിന്നലേറ്റു ബോധരഹിതനായ യുവാവിന്റെ ശരീരം ആസകലം ഗ്രാമവസികള്‍ ചാണകം പൊതിയുകയായിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനു ശേഷവും അനക്കമില്ലെന്നു കണ്ടതോടെ യുവാവിനെ പിതാവും മറ്റുള്ളവരും ചേര്‍ന്ന് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അംബികാനഗര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post