ലക്‌നൗ: മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി അമ്മയെ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അമ്മയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതിന്റെ ചിത്രവും യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ പങ്കുവെച്ചു.
‘മാ’ എന്ന ക്യാപ്ഷനോടെയാണ് അമ്മ സാവിത്രി ദേവിയുടെ ചിത്രം യോഗി ആദിത്യനാഥ് പങ്കുവെച്ചത്. ഇരുപത്തിയെട്ട് വര്‍ഷത്തിന് ശേഷം കുടുംബത്തിലെ ചടങ്ങില്‍ പങ്കെടുക്കാനായാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം ഗ്രാമത്തിലെത്തിയത്.
ഗ്രാമത്തിലെത്തിയ യുപി മുഖ്യന്‍ ആദ്യം തന്റെ മാതാവിനെ കാണാനാണ് എത്തിയത്. അനുഗ്രഹത്തിനായി മാതാവിന്റെ കാല്‍ തൊട്ട് വന്ദിച്ച ശേഷം, സമ്മാനമായി കൊണ്ടുവന്ന ഷാള്‍ അണിയിച്ചു. യോഗിയെ കണ്ട് മാതാവ് വികാരാധീനയായി. ഉത്തരാഖണ്ഡിലെ പഞ്ചൂരിലെ തന്റെ തറവാട്ടുഗ്രാമത്തിലെത്തിയാണ് യോഗി മാതാവ് സാവിത്രി ദേവിയുടെ അനുഗ്രഹം തേടിയത്.
2020 ഏപ്രിലില്‍ കോവിഡ് ബാധിച്ച് യോഗിയുടെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാല്‍ അന്ന് യുപി മുഖ്യമന്ത്രിയായ യോഗി വീട്ടിലെത്തിയിരുന്നില്ല. അവസാന നിമിഷത്തില്‍ പിതാവിനെ ഒരു നോക്ക് കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു, എന്നാല്‍ കോവിഡ് കാരണം സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള കടമയോര്‍ത്ത് തനിക്ക് അത് കഴിഞ്ഞില്ലെന്ന് യോഗി പറഞ്ഞു.
പൗരിയിലെ പഞ്ചൂര്‍ ഗ്രാമത്തില്‍ ജനിച്ച യോഗി ആദിത്യനാഥ് ചംകോട്ഖലിലെ സ്‌കൂളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഒന്നാം ക്ലാസ് മുതല്‍ ഒന്‍പത് വരെ ഇവിടെയാണ് അദ്ദേഹം പഠിച്ചത്. ഒരു കോളേജില്‍ തന്റെ ആത്മീയ ഗുരു മഹന്ത് വൈദ്യനാഥിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് യോഗി ഗ്രാമത്തിലേക്ക് പുറപ്പെട്ടത്. നാളെ ഹരിദ്വാറിലെത്തുന്ന മുഖ്യമന്ത്രി നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും, വൈകിട്ടോടെ തിരികെ ലക്‌നൗവിലേക്ക് പുറപ്പെടും.