ന്യൂഡല്‍ഹി : വാടക നല്‍കാത്തതിന്റെ പേരില്‍ യുവാവിനെ വീട്ടുടമസ്ഥര്‍ കസേരയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. സൗത്ത് ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയില്‍ ഏപ്രില്‍ 29നായിരുന്നു സംഭവം.
ധര്‍മേന്ദ്ര എന്നയാളാണ് മര്‍ദനത്തിനിരയായത്. ഇയാള്‍ പല തവണയായി വാടക മുടക്കിയതിനെത്തുടര്‍ന്ന് വീട്ടുടമസ്ഥരായ മോനു, സുര്‍ജീത് എന്നിവര്‍ യുവാവിനെ ബലമായി കസേരയില്‍ പിടിച്ചു കെട്ടി മര്ദിയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ആദ്യം കയ്യും കാലും ബന്ധിച്ച് ക്രൂരമര്‍ദനത്തിനിരയാക്കിയ ശേഷമായിരുന്നു കസേരയിലിരുത്തിയുള്ള മര്‍ദനം.
യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഐപിസി 323,341,342,506 വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post