മുംബൈ : ക്യാരി ബാഗിന് ഇരുപത് രൂപ അധികം ഈടാക്കിയതിന്റെ പേരില്‍ യുവതിയ്ക്ക് 13000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മുംബൈ കുര്‍ളയിലെ ആഡംബര ബാഗ് ഷോറൂമായ എസ്‌ബെഡയ്ക്ക് കോടതി നിര്‍ദേശം. അഡീഷണല്‍ ഡിസ്ട്രിക്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് സേവനത്തിലെ പോരായ്മയ്ക്കും അന്യായമായ വ്യാപാര സമ്പ്രദായത്തിനും ഷോറൂമിന് പിഴയിട്ടത്.
മുംബൈ വഡല സ്വദേശിയായ റീമ ചൗളയ്ക്കാണ് തുക നല്‍കേണ്ടത്. ഇവര്‍ക്ക് 20 രൂപ റീഫണ്ടും ലഭിക്കും. ഇത് കൂടാതെ ഉപഭോക്തൃ ക്ഷേമ നിധിയിലേക്ക് ഷോറൂമുകാര്‍ 25000 രൂപയും അടയ്ക്കണം. ഷോറൂം തങ്ങളുടെ ഉപഭോക്താക്കളെ ചൂഷണം ചെയ്തുവെന്ന് വിലയിരുത്തിയ ഫോറം സ്വയം പബ്ലിസിറ്റി സൃഷ്ടിക്കുന്നതിനായി ഷോറൂം അതിന്റെ ബ്രാന്‍ഡിംഗും പേരും ഉള്ള ക്യാരി ബാഗുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയും അതിനായി അവരില്‍ നിന്ന് പണം ഈടാക്കുകയും ചെയ്തു എന്ന് കണ്ടെത്തി. “തങ്ങളുടെ കടയില്‍ നിന്ന് സാധനം വാങ്ങുന്നവര്‍ക്ക് അത് കൊണ്ടുപോകാനുള്ള ക്യാരി ബാഗുകളും സൗജന്യമായി ഏര്‍പ്പാടാക്കേണ്ട ചുമതല കടകള്‍ക്കുണ്ട്. ഇതിനും വിലയിടുന്നത് അന്യായമായ നടപടിയാണ്”. ഫോറം അറിയിച്ചു.
2019ലാണ് ഷോറൂമില്‍ നിന്ന് റീമ ബാഗ് വാങ്ങുന്നത്. 2020ല്‍ പരാതി നല്‍കി. ബില്ലിംഗ് എക്‌സിക്യൂട്ടീവ് ആണ് നിയമവിരുദ്ധമായി പണം ചുമത്തിയതെന്നാണ് ചൗളയുടെ പരാതി. വിഷയത്തില്‍ കമ്പനി പ്രതികരിക്കാന്‍ കൂട്ടാക്കാഞ്ഞതിനെത്തുടര്‍ന്ന് ഏകപക്ഷീയമായി ഓര്‍ഡര്‍ പാസ്സാക്കുകയായിരുന്നു.