മുംബൈ: ശിവസേനാ നേതാക്കളെ പരിഹസിക്കാനായി ബാബരി മസ്ജിദ് തകർത്തവരുടെ കൂട്ടത്തിൽ താനുണ്ടായിരുന്നെന്ന് അവകാശപ്പെട്ട് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മസ്ജിദിൽ നിന്നും ഉച്ചഭാഷിണികൾ എടുത്തു മാറ്റാൻ ധൈര്യമില്ലാത്ത ശിവസേനക്കാർ, പണ്ടു കാലത്ത് ബാബറി മസ്ജിദ് തകർത്തുവെന്നാണ് അവകാശപ്പെടുന്നതെന്ന് ഫഡ്‌നാവിസ് പരിഹസിച്ചു.
മഹാരാഷ്ട്രയിലെ മസ്ജിദുകളിലെ ഉച്ചഭാഷിണികൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് എംഎൻഎസ് രംഗത്തെത്തിയത് വിവാദമായിരുന്നു. ശിവസേന ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ബിജെപിയുടെ പരിഹാസം.
‘ഞാൻ അഭിമാനത്തോടെയാണ് ഇക്കാര്യം വിളിച്ചു പറയുന്നത്. ബാബരി മസ്ജിദ് തകർത്തപ്പോൾ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു, ഈ ദേവേന്ദ്ര ഫഡ്‌നാവിസ് കൂടി ചേർന്നാണ് ആ കെട്ടിടം പൊളിച്ചത്. ഇതേ ദേവേന്ദ്ര ഫഡ്‌നാവിസ് കർസേവ ചെയ്തതിന് ബദൗൻ ജയിലിൽ 18 ദിവസം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, ഒരൊറ്റ ശിവസേന നേതാവ് പോലും ആ ഭാഗത്ത് ഉണ്ടായിരുന്നില്ല.’ ഫഡ്‌നാവിസ് പറഞ്ഞു.
പണ്ട് ബാബരി മസ്ജിദ് തകർക്കാൻ മഹാരാഷ്ട്രയിൽ നിന്നും പോയിയെന്നു പറയുന്ന ഏതെങ്കിലും ഒരു നേതാവിന്റെ പേര് പറയാമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. ഒറ്റയാൾ പോലുമില്ലെന്നും, അവിടെ ഒരു നേതാവിനെപ്പോലും താൻ കണ്ടിട്ടില്ലെന്നും ഫട്‌നാവിസ് പറഞ്ഞു.