ന്യൂഡല്‍ഹി : പഠിക്കാനായി പാകിസ്താനിലേക്ക് പോകുന്ന കശ്മീരി യുവാക്കള്‍ മടങ്ങുന്നത് തീവ്രവാദികളായാണെന്നും ഇത്തരത്തില്‍ വിവിധ ഏറ്റുമുട്ടലുകളില്‍ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത് 17 യുവാക്കളെന്നും റിപ്പോര്‍ട്ടുകള്‍. പാകിസ്താനില്‍ ഉപരിപഠനം വിലക്കിയുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് ഇതാണ് പ്രധാന കാരണം എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2015 മുതലുള്ള കണക്കുകളില്‍ പാകിസ്താനില്‍ നിന്ന് തിരിച്ചെത്തിയ 17 കശ്മീരി യുവാക്കളാണ് തീവ്രവാദികളായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. യാത്രാ രേഖകളും വീസയുമായി പഠനത്തിനായും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായും വിവാഹങ്ങള്‍ക്കായുമൊക്കെയാണ് യുവാക്കള്‍ പാകിസ്താനിലേക്ക് യാത്ര ചെയ്തത്. ഇത്തരത്തില്‍ എത്തുന്നവരെ ബ്രെയിന്‍വാഷ് ചെയ്ത് തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുകയാണ് ചെയ്യുന്നതെന്ന് സുരക്ഷാ സൈന്യം അറിയിക്കുന്നു. ചിലരെ കള്ളപ്പണം വെളുപ്പിക്കുന്നതിന് പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടത്രേ.
പാകിസ്താന്‍ കോളേജുകളിലെ എംബിബിഎസ് സീറ്റുകള്‍ വിറ്റ് വരുമാനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതിന് ഹുറിയത്ത് നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ ജമ്മു കശ്മീര്‍ പോലീസിന്റെ സ്‌റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ്‌ഐഎ) കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിശ്വാസ്യതയ്ക്ക് പാകിസ്താന്‍ ഹുറിയത് ഓഫീസ് ദേശീയ അഭിരുചി പരീക്ഷയിലൂടെയാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. 1990കളില്‍ അനധികൃത ആയുധ പരിശീലനം നേടുന്നതിനായി പാകിസ്താനിലേക്ക് പോയ കശ്മീരി വിഘടനവാദികളും അവരുടെ ബന്ധുക്കളുമാണ് ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
ജമ്മുകശ്മീരില്‍ നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി സമീപ വര്‍ഷങ്ങളില്‍ പാകിസ്താനിലേക്ക് പോയിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന വിവരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ പാകിസ്താനില്‍ പഠനം നടത്തുന്നത് തടഞ്ഞ് യുജിസിയും എഐസിടിയും മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരക്കാരുടെ കെണിയില്‍ പെടാതിരിക്കാന്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഭീകരരെ റിക്രൂട്ട് ചെയ്യാൻ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ നീക്കമാണ് ‘പാകിസ്ഥാന്‍ ഉപരിപഠനം’എന്നും അതിനാല്‍ തന്നെ യുവാക്കള്‍ കരുതിയിരിക്കണമെന്നും കേന്ദ്ര സര്‍ക്കാറും സുരക്ഷ വൃത്തങ്ങളും മുന്നറിയിപ്പ് നല്‍കുന്നു.