ഭുവനേശ്വര്‍ : വിവാഹഘോഷയാത്രയ്ക്ക് ‘നാഗനൃത്തം’ ഏര്‍പ്പെടുത്തിയതിന് ഒഡീഷയില്‍ അഞ്ച് പേര് അറസ്റ്റിലായി. ഒഡീഷയിലെ മയൂര്‍ഭഞ്ചില്‍ ബുധനാഴ്ചയായിരുന്നു സംഭവം.
വിവാഹ ഘോഷയാത്രയ്ക്കായിരുന്നു മൂര്‍ഖനെയും പാമ്പാട്ടിയെയും വിവാഹപ്പാര്‍ട്ടികള്‍ ഏര്‍പ്പാടാക്കിയത്. ഘോഷയാത്രയ്ക്കിടെ പാമ്പിനെ കൂടയ്ക്കുള്ളിലിരുത്തി പാമ്പാട്ടി മകുടിയൂതുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു കയ്യില്‍ പത്തി വിടര്‍ത്തിയ മൂര്‍ഖനെ തുറന്ന കൂടയിലിരുത്തി പാട്ടിനൊപ്പം ചുവട് വയ്ക്കുന്ന പാമ്പാട്ടിയെയും മറ്റ് വാദ്യക്കാരെയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. വിവരമറിഞ്ഞയുടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൂര്‍ഖനെ സുരക്ഷിതമായി മാറ്റി. തുടര്‍ന്ന് അഞ്ച് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വിഷമുള്ളയിനം പാമ്പുകളെ പൊതു ചടങ്ങില്‍ എത്തിക്കുന്നത് ഏറെ അപകടകരമായ സംഗതിയാണെന്നും പാമ്പ് കൂടയില്‍ നിന്ന് പുറത്തു ചാടിയിരുന്നെങ്കില്‍ നിരവധി പേരുടെ ജീവനത് ഭീഷണിയായേനെ എന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. മേലില്‍ ഇത്തരം പ്രവൃത്തികളിലേര്‍പ്പെട്ട് സ്വന്തം ജീവന് അപകടത്തിലാക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയിട്ടാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് മടങ്ങിയത്.
Discussion about this post