ഭോപ്പാൽ: പീഡനശ്രമം പ്രതിരോധിച്ച യുവതിയെ ഓടുന്ന തീവണ്ടിയിൽ നിന്ന് ചവിട്ടി തള്ളിയിട്ടു. ഖജ്രാവോ-മഹോബ സ്പെഷ്യൽ എക്സ്പ്രസ് തീവണ്ടിയിലാണ് അതിദാരുണമായ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ 24-കാരിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മധ്യപ്രദേശിലെ ഛത്തർപുരിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. യുവതി ഭാഗേശ്വർ ധാം ക്ഷേത്രം സന്ദർശിക്കാനായാണ് ഛത്തർപുരിലെ ഖജ്റാവോയിൽ എത്തിയത്. ക്ഷേത്രദർശനം കഴിഞ്ഞ് ബുധനാഴ്ച വൈകിട്ട് ഖജ്റാവോ-മഹോബ എക്സ്പ്രസിൽ നാട്ടിലേയ്ക്ക് മടങ്ങി. വൈകിട്ട് 5.15-ന് ഖജ്റാവോയിൽനിന്ന് തിരിച്ച തീവണ്ടിയിൽ ജനറൽ കോച്ചിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.
ജനറൽ കോച്ചിൽ കയറിയ യുവതിക്ക് പിന്നാലെ വണ്ടി സ്റ്റേഷൻ വിടുന്നതിന് തൊട്ടുമുമ്പ് മറ്റൊരാളും ഇതേ കമ്പാർട്ട്മെന്റിൽ കയറി. യാത്രയ്ക്കിടെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയും തുടർന്ന് ട്രെയിനിൽ നിന്ന് തള്ളി താഴെയിടുകയായിരുന്നു. യുവതി മാത്രമുണ്ടായിരുന്ന കോച്ചിൽ കയറിയ പ്രതി ആദ്യം അശ്ലീലച്ചുവയിൽ സംസാരിക്കുകയായിരുന്നു. ഇത് അവഗണിച്ചതോടെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതോടെ യുവതി പ്രതിയുടെ മുഖത്തടിക്കുകയും സീറ്റിൽനിന്ന് എഴുന്നേറ്റ് തൊട്ടടുത്ത കോച്ചിലേക്ക് ഓടുകയുമായിരുന്നു.
എന്നാൽ ഈ കോച്ചിലും യാത്രക്കാർ കുറവായിരുന്നു. തുടർന്ന് അക്രമി യുവതിയെ കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പ്രതിയുടെ കൈവിരലിൽ കടിച്ച് യുവതി പ്രതിരോധിച്ചു. കടിയേറ്റ് ചോര വന്നതോടെ പ്രതി കൂടുതൽ അക്രമാസക്തനായി. ഇയാൾ യുവതിയെ ചവിട്ടുകയും നിരന്തരം മുഖത്തടിക്കുകയും ചെയ്തു. പിന്നാലെയാണ് തീവണ്ടിയിൽനിന്ന് തള്ളിയിട്ടത്.
എന്നാൽ, ഈ സമയം, വാതിലിന്റെ ഹാൻഡിലിൽ പിടിത്തം കിട്ടിയ യുവതി അല്പനേരം വാതിലിൽ പിടിച്ചുതൂങ്ങി. തുടർന്ന് അക്രമി കൈകളിൽ വീണ്ടും ചവിട്ടുകയം ഇതോടെ പിടിവിട്ട് താഴെവീണെന്നും യുവതി മൊഴി നൽകി. റെയിൽവേ ജീവനക്കാരനാണ് പാളത്തിന് സമീപം പരിക്കേറ്റനിലയിൽ യുവതിയെ കണ്ടെത്തിയത്. ഉടൻതന്നെ ഇദ്ദേഹം പോലീസിൽ വിവരമറിയിച്ച് യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Discussion about this post