അലിഗഡ്: ഗ്രാമത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുവെന്ന് കാണിച്ച് പശുക്കളെ സര്‍ക്കാര്‍ സ്‌കൂളുകളിലും ഹെല്‍ത്ത് സെന്ററുകളിലും പൂട്ടിയിട്ട് അലിഗഡിലെ കര്‍ഷകര്‍. അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ പശുക്കളെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെത്തിച്ചത്.
തെരുവുകളില്‍ അലഞ്ഞു നടക്കുന്ന പശുക്കളെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രം ആരംഭിച്ച് സംരക്ഷിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പശുക്കളെ സ്‌കൂളുകളില്‍ എത്തിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇവിടെ. അലിഗഡിലെ ദമോത്തിയ ഗ്രാമത്തിലെ സ്‌കൂളില്‍ 500 പശുക്കളെയാണ് കര്‍ഷകര്‍ എത്തിച്ചത്.
പശുക്കളെ സ്‌കൂളില്‍ പൂട്ടിയിട്ടതിനാല്‍ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പശുക്കള്‍ 80 ഏക്കറോളം ഗോതമ്പ് പാടം തിന്ന് നശിപ്പിച്ചതായി കര്‍ഷകര്‍ വെളിപ്പെടുത്തിയിരുന്നു.