ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പ്രത്യേക വസതികളില്‍ നിന്ന് പത്മശ്രീ ജേതാവ് ഉള്‍പ്പടെയുള്ള കലാകാരന്മാരെ ഒഴിപ്പിച്ച് മോഡി സര്‍ക്കാര്‍. 2022 മെയ് രണ്ടിനകം വസതികള്‍ ഒഴിയണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. 90 കാരനായ പത്മശ്രീ ജേതാവും ഒഡീസി നര്‍ത്തകനുമായ ഗുരു മായാധര്‍ ഉള്‍പ്പെടെയുള്ളവരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. രാജീവ് ഗാന്ധി സര്‍ക്കാറാണ് ഇവര്‍ക്ക് വസതി അനുവദിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഈ സമയത്ത് മകള്‍ മധുമിത റാവത്ത് അച്ഛന് ഭക്ഷണം നല്‍കുകയായിരുന്നു. ബെല്ലടിച്ച് അകത്ത് കയറിയ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കാന്‍ വന്നതാണെന്ന വിവരം അറിയിച്ചു. ഒരു മിനിറ്റും കാത്തുനില്‍ക്കാനാകില്ലെന്നും അറിയിച്ചു.
കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് അയയ്ക്കുകയും വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ വസതിയ്ക്ക് പുറത്ത് എടുത്തിടുകയുമായിരുന്നു.
90 വയസുകാരനായ ഗുരു മായാധറിന്റെ പത്മശ്രീ പുരസ്‌കാരവും വീട്ടുപകരണങ്ങളും ഉള്‍പ്പടെ വസതിക്ക് പുറത്ത് എടുത്തിട്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
2010ല്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സമ്മാനിച്ച പത്മശ്രീ പുരസ്‌കാരവും പ്രശസ്തി ഫലകവുമെല്ലാം തൊഴിലാളികള്‍ പെരുവഴിയിലേക്ക് എടുത്തെറിഞ്ഞതായി മകള്‍ മധുമിത പറഞ്ഞു.
ഒരു നോട്ടീസുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കാനെത്തിയതെന്ന് മധുമിത പറഞ്ഞു. മായാധര്‍ അടക്കമുള്ള കലാകാരന്മാരുടെ പുനഃപരിശോധനാ ഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെ അതുവരെ കാത്തിരിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
‘ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഞങ്ങള്‍ വീട്ടുപകരണങ്ങള്‍ പാക്ക് ചെയ്യാന്‍ തുടങ്ങി. താമസസ്ഥലം ഉടന്‍ ഒഴിയും. മറ്റു വഴികളില്ല,’ എന്നായിരുന്നു 1987ല്‍ വീട് അനുവദിച്ച കുച്ചിപ്പുഡി നര്‍ത്തകന്‍ ഗുരു ജയരാമ റാവുവിന്റെ ഭാര്യ വനശ്രീ റാവു പിടിഐയോട് പറഞ്ഞത്.
ദേശീയ തലസ്ഥാനത്ത് സര്‍ക്കാര്‍ അനുവദിച്ച വസതികള്‍ ഏപ്രില്‍ അവസാനത്തോടെ ഒഴിയണമെന്ന സിംഗിള്‍ ബെഞ്ച് ജഡ്ജിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇന്ത്യന്‍ ക്ലാസിക്കല്‍ ആര്‍ട്ടിസ്റ്റ് റീത്ത ഗാംഗുലി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സമയം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതി അറിയിച്ചത്.
ഒരു ദിവസം പോലും അധികം അനുവദിക്കാനാവില്ലെന്നായിരുന്നു ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘി, നവീന്‍ ചൗള എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ പറഞ്ഞത്. നേരത്തെ സിംഗിള്‍ ബെഞ്ച് ജഡ്ജി രണ്ട് മാസത്തെ സമയം അനുവദിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.