ചെന്നൈ: തമിഴ്‌നാട്ടിലേക്കും ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം പടരുന്നു. കർണാടകയിലെ ഹിജാബ് നിരോധനത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ തമിഴ്മാട്ടിലെ സ്‌കൂളിൽ നിന്നും ഹിജാബ് ധരിച്ചതിനെ ചൊല്ലി വിവാദം.
വ്യാഴാഴ്ച നാല് വയസുള്ള മകന് അഡ്മിഷൻ എടുക്കാൻ സ്‌കൂളിലെത്തിയ യുവതിക്കാണ് ദാരുണമായ അനുഭവമുണ്ടായത്. യുവതിയോട് സ്‌കൂൾ അധികൃതർ ഹിജാബ് അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഈസ്റ്റ് താംബരത്തെ പ്രൈവറ്റ് സ്‌കൂളിൽ എത്തിയ ആഷിഖ് മീരാനും ഭാര്യയ്ക്കുമാണ് സ്‌കൂൾ അധികാരികളിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. സ്‌കൂൾ പ്രിൻസിപ്പൽ അടക്കമുള്ളവർ തന്നോട് ഹിജാബ് അഴിച്ച് വെച്ച് സ്‌കൂളിലേക്ക് കയറാൻ ആവശ്യപ്പെട്ടുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി തമിഴ്നാട് വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി രംഗത്തെത്തി. സംഭവം നിർഭാഗ്യകരമാണെന്നും, അങ്ങനെ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
‘ഇത് നിർഭാഗ്യകരമാണ്. അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. വ്യാഴാഴ്ച സ്‌കൂളിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. യുവതിയുടെ പരാതി സത്യമെന്ന് തെളിഞ്ഞാൽ, സ്‌കൂൾ അധികൃതർക്കെതിരെ ശക്തമായ നടപടിയെടുക്കും. അന്വേഷണം ആരംഭിച്ച പോലീസിന്റെ റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്’,-മന്ത്രി പറഞ്ഞു. തമിഴ്നാട്ടിൽ ഇതാദ്യമായാണ് ഹിജാബ് അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഒരു വിദ്യാഭ്യാസ സ്ഥാപനം രംഗത്ത് വരുന്നത്.