ദളിത് ദമ്പതികളെ ക്ഷേത്രത്തില്‍ കയറ്റിയില്ല : പൂജാരിയെ അറസ്റ്റ് ചെയ്ത് പോലീസ്

ജോധ്പൂര്‍ : ദളിത് ദമ്പതികളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയ പൂജാരിയെ അറസ്റ്റ് ചെയ്ത് പോലീസ്. രാജസ്ഥാനിലെ ജോധ്പൂരില്‍ ജലോറിയ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്ന വേല ഭാരതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ദമ്പതികളുടെ ബന്ധുവിന്റെ പരാതിയില്‍ പട്ടിക ജാതി/വര്‍ഗ നിയമപ്രകാരമാണ് വേല ഭാരതിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. അഹോര്‍ സബ്ഡിവിഷന് കീഴിലുള്ള നീലകണ്ഠ ഗ്രാമത്തിലെ പൂജാരിയാണ് ആണ് ഭാരതി. ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനെത്തിയ ദമ്പതികളെ ഗേറ്റില്‍ ഇയാള്‍ തടയുന്നതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുകൂട്ടരും ഇതിന്റെ പേരില്‍ തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം. ഏപ്രില്‍ 22നായിരുന്നു സംഭവം.

വിവാഹശേഷം നാളികേരം സമര്‍പ്പിക്കാനാണ് ദമ്പതികള്‍ ക്ഷേത്രത്തിലെത്തിയത്. ഇവര്‍ ക്ഷേത്രപരിസരത്ത് എത്തിയപ്പോള്‍ തന്നെ വേല ഭാരതി ഓടിയെത്തുകയും ഗേറ്റിനുള്ളിലേക്ക് പ്രവേശിക്കരുതെന്ന് വിലക്കുകയും ചെയ്തു. ആവശ്യമറിയിച്ചപ്പോള്‍ നാളികേരം പുറത്ത് സമര്‍പ്പിച്ചാല്‍ മതിയെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ദളിത് വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് വേലു ഭാരതി അറിയിച്ചതായായി പരാതിയില്‍ പറയുന്നു.

സംഭവം കണ്ടുനിന്ന നാട്ടുകാരില്‍ ചിലര്‍ പൂജാരിയോട് തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നും ഇത് ഗ്രാമത്തിന്റെ മുഴുവനായുള്ള തീരുമാനമാണെന്നും ദമ്പതികളോട് പറഞ്ഞതായും പരാതിയിലുണ്ട്. ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് പൂജാരിയോട് ഒട്ടേറെ തവണ പറഞ്ഞിട്ടും കാര്യമില്ലെന്ന് കണ്ടതോടെ ദമ്പതികള്‍ വീട്ടില്‍ തിരികെയെത്തുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Exit mobile version