ചെന്നൈ: ആളുകളുടെ പരിഹാസവും മറ്റും വകവെയ്ക്കാതെ വളർത്തിയെടുത്ത നീണ്ട മുടി കാൻസർ രോഗികൾക്കായി ദാനം ചെയ്യാനൊരുങ്ങി 13കാരൻ. നീണ്ട മുടി കണ്ട് ‘മകളുടെ’ വിശേഷം തിരക്കലാണ് കുടുംബത്തിന് സഹിക്കാനാവാതിരുന്നത്. എങ്കിലും അവയെല്ലാം തള്ളിയാണ് യദുകൃഷ്ണ തന്റെ മുടി വളർത്തിയെടുത്തത്. അതും കാൻസർ രോഗികൾക്ക് വേണ്ടി വളർത്തിയത്. ഈ നന്മയ്ക്ക് ഇന്ന് നാടും നാട്ടുകാരും കൈയ്യടിക്കുകയാണ്.
‘നൂറ് കോടി ഡോളര്‍ തന്നാലും കല്യാണങ്ങള്‍ക്ക് പാടരുത് ‘ : ലത നല്‍കിയ വിലപ്പെട്ട ഉപദേശം
തൃശൂർ മണ്ണുത്തി വാരണക്കുടത്ത് കലാമണ്ഡലം ശ്രീജ ആർ. കൃഷ്ണന്റെയും കലാമണ്ഡലം സത്യനാരായണന്റെയും മകനാണ് യദു. മൂന്നു വർഷം മുമ്പ് അമ്മയുടെ മൊബൈൽ ഫോണിൽ മുടികൊഴിഞ്ഞ കാൻസർ രോഗികളുടെ ദൃശ്യം കണ്ടതോടെയാണ് യദുകൃഷ്ണന്റെ മനസ്സിൽ നൻമയുടെ തിരിവെട്ടമുണ്ടായത്. തന്റെ മുടിയും കാൻസർ രോഗികൾക്ക് നൽകിക്കൂടേയെന്ന് അവൻ അമ്മയോടു ചോദിച്ചു. ശ്രീജയും ഭർത്താവും അഭിമാനം കൊണ്ടു.
അന്ന് അവൻ എടുത്ത ദൃഢപ്രതിജ്ഞയുടെ അടയാളമാണ് ഇന്നു കാണുന്ന 36 സെന്റിമീറ്റർ നീളമുള്ള മുടി. ഒരാഴ്ചയ്ക്കകം മുടി മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു. മുടി കണ്ട്, തുണിക്കടയിൽ പെൺകുട്ടികളുടെ വസ്ത്രമാണ് കാട്ടിക്കൊടുക്കുക. ചെരിപ്പു കടകളിലും ഇതേ അവസ്ഥ. സ്‌കൂളിലും കൂട്ടുകാർ കളിയാക്കലുകളുണ്ടായി. തീവണ്ടി യാത്രകളിൽ തനിച്ചു ശുചിമുറിയിൽ വിടാൻപോലും ഭയമായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. ഇങ്ങനെ നീളും അനുഭവിച്ച പരിഹാസങ്ങൾ.
‘ഒരു പെൺകുട്ടിയുടെ അമ്മയ്ക്ക് നേരിടേണ്ടി വരുന്ന ടെൻഷൻ ഞാൻ അനുഭവിച്ചു. അവനും ഏറെ അപമാനം സഹിച്ചു. ആദ്യമൊക്കെ സ്‌കൂളിൽനിന്ന് വീട്ടിലെത്തിയാൽ പൊട്ടിക്കരയുമായിരുന്നു. ഞങ്ങൾ സമാധാനിപ്പിക്കും. ഒരുഘട്ടത്തിൽ തീരെ സഹിക്കാൻ പറ്റാതെ വന്നപ്പോൾ മുടിവെട്ടാൻ തീരുമാനിച്ചതാണ്. പക്ഷേ, അവൻ സമ്മതിച്ചില്ല. ഇത്രയും കാലം നീട്ടിവളർത്തിയ മുടി ആർക്കും ഉപകാരപ്പെടാതെ പോകുമല്ലൊ എന്ന് സങ്കടപ്പെട്ടു. ഇപ്പോൾ അവന് വ്യക്തമായി അറിയാം താൻ ചെയ്യുന്നത് ശ്രേഷ്ഠമായ കാര്യമാണെന്ന്. ഞങ്ങൾക്കും ഏറെ അഭിമാനം തോന്നുന്നു’ – ശ്രീജ പറയുന്നു.
കഴിഞ്ഞ ഒന്നര മാസമായി യദുകൃഷ്ണൻ സ്‌കൂളിൽ പോകുന്നില്ല. മുടി വെട്ടിയില്ലെങ്കിൽ ക്ലാസിൽ കയറ്റില്ലെന്ന് പ്രിൻസിപ്പാൾ നിർദേശം നൽകിയിരുന്നു. എങ്കിലും അവന്റെ നൻമ തിരിച്ചറിഞ്ഞതിനാൽ ഓൺലൈൻ ക്ലാസിന് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. ഇനി റഗുലർ ക്ലാസുകൾ തുടങ്ങുന്നതിനു മുമ്പായി മുടി ദാനംചെയ്ത് യദുകൃഷ്ണൻ സ്‌കൂളിലെത്തും.