കോർബ: കാമുകന്റെ വിവാഹ ദിനത്തിൽ യുവതി ജീവനൊടുക്കി. കാമുകനോട് അവസാനമായി തന്നെ കാണാൻ വരണമെന്ന് അറിയിക്കാൻ ആവശ്യപ്പെട്ട് കുറിപ്പെഴുതിവെച്ചാണ് യുവതി വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ചതെന്ന് പോലീസ് അറിയിച്ചു.
ഛത്തീസ്ഗഡിലെ കോട്വാലി മേഖലയിലെ രാംസാഗർ പാറയിലാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. ഇതിലാണ് പ്രണയനഷ്ടത്തെ കുറിച്ച് യുവതി പറയുന്നത്. 27കാരിയായ യുവതി സൂരക്ചർ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. യുവതിക്ക് ഇയാളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും യുവാവിന്റെ വിവാഹം മറ്റൊരു യുവതിയുമായി നിശ്ചയിച്ചു.
ഈ വിവാഹം വെള്ളിയാഴ്ചയായിരുന്നു. ഇതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവാവിനെ താൻ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും അയാളില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും സഹോദരന് വേണ്ടി എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
‘ഇതുവരെ മനസിനെ കഠിനമാക്കിയാണ് ജീവിച്ചത്, ഇന്ന് അവൻ വിവാഹിതനാണ്, അതിനാൽ എന്റെ ക്ഷമ നശിച്ചു, ഞാൻ ഈ ലോകത്ത് നിന്ന് പോകുന്നു, എന്നാൽ നിങ്ങൾ ഇന്ദ്രേഷിനെ (കാമുകൻ) ഇക്കാര്യം അറിയിച്ച് എന്നെ അവസാനമായി കാണാൻ വരൂ എന്ന് പറയണം’,- യുവതിയുടെ കുറിപ്പിലെ വരികളെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. യുവതിയുടെ മാതാപിതാക്കൾ നേരത്തെ തന്നെ മരിച്ചിരുന്നു.
Discussion about this post