ഹൈദരാബാദ്: തെലങ്കാനയിൽ വീട്ടിനുള്ളിൽ ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80-കാരന് ദാരുണ മരണം. 80-കാരനായ രാമസ്വാമിയാണ് മരിച്ചത്. അപകടത്തിൽ രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകൻ പ്രകാശ്, മരുമകൾ കൃഷ്ണവേണി എന്നിവർക്കും പരിക്ക് സംഭവിച്ചിട്ടുണ്ട്.
തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ബുധനാഴ്ച രാത്രിയായണ് അപകടം നടന്നത്. സ്കൂട്ടറിൽ നിന്ന് എടുത്തുമാറ്റി വീട്ടിനുള്ളിൽ ചാർജ് ചെയ്യാനിട്ട ബാറ്ററി പൊട്ടിത്തെറിച്ച് തീ പടർന്നു പിടിക്കുകയായിരുന്നു. രാമസ്വാമിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് കുടുംബങ്ങൾക്ക് പൊള്ളലേറ്റത്.
രാമസ്വാമിയുടെ മകൻ പ്രകാശ് ഉപയോഗിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഒരുവർഷമായി ഈ ഇലക്ട്രിക് സ്കൂട്ടറാണ് പ്രകാശ് ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായും സമിതി ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുമെന്നും മന്ത്രി വ്യാഴാഴ്ച പറഞ്ഞു.
ഇത്തരം അപകടങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ദൗർഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കമ്പനികൾ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാൽ കനത്ത പിഴ ചുമത്തുമെന്നും തകരാറുള്ള മുഴുവൻ വാഹനങ്ങളും തിരിച്ചുവിളിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ഉത്തരവിടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.