മുത്തലാഖ് നിരോധന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പൌരന്റെ മൌലിക അവകാശങ്ങളെ ലംഘിക്കുന്ന ഭേദഗതികളാണ് കേന്ദ്രം നിയമത്തില്‍ കൊണ്ടു വരുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മറ്റു മതങ്ങളിലെ വിവാഹ മോചനം ക്രിമിനല്‍ കുറ്റമല്ലാതിരിക്കുമ്പോള്‍ മുസ്‌ലിംകളുടെ വിവാഹമോചനം മാത്രം ക്രിമിനല്‍ കുറ്റമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കേസെടുത്താല്‍ സ്ത്രീകളുടെ പ്രശ്‌നം തീരുമോ എന്നും പ്രതിപക്ഷം ചോദിച്ചു. ബില്‍ രാഷ്ട്രീയപ്രേരിതമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വിമര്‍ശിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
2017 ഓഗസ്റ്റ് 22ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ടുള്ള ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്നത്. ബില്ലിലെ വ്യവസ്ഥ പ്രകാരം മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.