ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ സുപ്രീംകോടതി സ്റ്റേ മാനിക്കാതെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് നേരിട്ടിറങ്ങി തടഞ്ഞ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കോടതി വിധി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ബൃന്ദ ബുള്‍ഡോസറുകളെ തടഞ്ഞു.
പൊളിക്കല്‍ നടപടി നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്, ആ ഉത്തരവ് നടപ്പിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത് ബൃന്ദ കാരാട്ട് പറഞ്ഞു.നിയമവിരുദ്ധമായ പൊളിച്ചുനീക്കലിലൂടെ നിയമവും ഭരണഘടനയും നിരപ്പാക്കിയിരിക്കുകയാണെന്നും സുപ്രീം കോടതിയും അതിന്റെ ഉത്തരവും നിരപ്പാക്കാന്‍ അനുവദിക്കാന്‍ പാടില്ലെന്നും ബൃന്ദ പറഞ്ഞു.
ജഹാംഹീര്‍പുരിയിലെ പള്ളിയടങ്ങുന്ന കെട്ടിടങ്ങളാണ് കോടതി വിധിക്കു പിന്നാലെയും ബിജെപി ഭരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ പൊളിക്കല്‍ തുടര്‍ന്നത്. പിന്നാലെ, ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ സിപിഎം നേതാക്കളും സാമൂഹിക പ്രവര്‍ത്തകരുമെത്തി നടപടി തടയുകയായിരുന്നു.
അതിനിടെ, കോടതി ഉത്തരവ് ലംഘിച്ചതിനെതിരെ അഭിഭാഷകര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് ഉത്തരവ് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ചാണ് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങിയത്. ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തിയിരിക്കുന്നത്. മുസ്ലിങ്ങളുടെ വീട് ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടക്കുന്നത്.
‘കലാപകാരി’കളുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്ത എന്‍ഡിഎംസി മേയര്‍ക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുകളുമായി കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്.
കോടതി ഉത്തരവ് കിട്ടിയില്ലെന്ന് പറഞ്ഞാണ് നടപടി തുടരുന്നത്. നോട്ടീസ് പോലും നല്‍കാതെയാണ് തങ്ങളുടെ കടകളും താമസകേന്ദ്രങ്ങളും പൊളിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.
Discussion about this post