ലഖ്‌നൗ : ഡല്‍ഹിയില്‍ അടക്കം കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍. ലഖ്‌നൗവിലും ഡല്‍ഹിക്ക് സമീപമുള്ള ആറ് ജില്ലകളിലുമാണ് മാസ്‌ക് കര്‍ശനമാക്കിയത്.
ഗൗതംബുദ്ധ നഗര്‍, ഗാസിയാബാദ്, ഹാപൂര്‍,മീററ്റ്, ബുലന്ദ്ഷഹര്‍,ബാഘ്പട്ട് എന്നീ ജില്ലകളിലാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിരിക്കുന്നത്. നാഷണല്‍ ക്യാപിറ്റല്‍ റീജിയണില്‍ (എന്‍സിആര്‍) ഉള്‍പ്പെടുന്ന ഈ ജില്ലകളില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ഗൗതംബുദ്ധ നഗറില്‍ 65 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗാസിയാബാദില്‍ ഇരുപതും ലഖ്‌നൗവില്‍ പത്തും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതോടെ തലസ്ഥാനമായ ലഖ്‌നൗവിലും നിയമം കടുപ്പിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.
പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഈ മാസം ആദ്യമാണ് സര്‍ക്കാര്‍ മാസ്‌ക് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.