“രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക” : വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി : രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയാണ് എംപിയുടെ പരാമര്‍ശം. തന്റെ മണ്ഡലമായ പിലിഭിട്ടില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

രാജ്യത്ത് ഒന്നരക്കോടിയിലധികം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും യുവതീയുവാക്കള്‍ ജോലിയില്ലാതെ നട്ടം തിരിയുകയാണെന്നും തൊഴിലില്ലായ്മ ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. “തൊഴിലില്ലായ്മയ്ക്ക് അറുതി വരുത്താനും സാമ്പത്തിക തുല്യത ഉറപ്പാക്കാനുമാണ് ഞങ്ങളുടെ പോരാട്ടം. എല്ലാവര്‍ക്കും തുല്യമായ അവസരങ്ങള്‍ ലഭിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. അത് സാധ്യമാകണമെങ്കില്‍ എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കണം. വാഗ്ദാനം ചെയ്തത് പോലെ ആരുടെയും ബാങ്ക് അക്കൗണ്ടില്‍ പണമെത്തിയില്ല. രണ്ട് കോടി തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കിയിട്ട് അതും നടപ്പാക്കിയില്ല. ഇരട്ടിയാക്കുമെന്ന് പറഞ്ഞ കര്‍ഷകരുടെ വേതനം അതുപോലെ തന്നെയുണ്ട് “. വരുണ്‍ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.

“രാജ്യത്തിന്റെ ഭാവി പ്രസംഗങ്ങളിലൊതുങ്ങിയാല്‍ പോര, അത് ഇലക്ഷന്‍ ജയിക്കുന്നതിലോ തോല്‍ക്കുന്നതിലോ അധിഷ്ഠിതവുമല്ല. രാജ്യത്തിന് വേണ്ടി ചെയ്യുന്ന സേവനങ്ങളാണ് അതിന്റെ ഭാവി നിര്‍ണയിക്കുന്നത്. തൊഴിലില്ലായ്മയും അഴിമതിയും ഇല്ലായ്മ ചെയ്യാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള ആയുധമാണ് രാഷ്ട്രീയം”. അദ്ദേഹം പറഞ്ഞു. അണ്ണാ ഹസാരെയുടെ സമരത്തെ പിന്തുണച്ച് ആദ്യം രംഗത്തെത്തിയ എംപി താനാണെന്ന് അറിയിച്ച വരുണ്‍ ഗാന്ധി കര്‍ഷക സമരം നടന്നപ്പോള്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് അധികാരുകളോട് ആവശ്യപ്പെട്ടിരുന്നതായും കൂട്ടിച്ചേര്‍ത്തു.

Exit mobile version