മുംബൈ: റമദാനില്‍ വിശ്വാസിയായ യൂബര്‍ ഡ്രൈവര്‍ക്ക് യാത്രയ്ക്കിടെ നിസ്കരിക്കാന്‍ സൗകര്യം നല്കി ഇതര മതവിശ്വാസിയായ യാത്രക്കാരി. പ്രിയ സിംഗ് ആണ് ഇസ്ലാം മതവിശ്വാസിയായ ഡ്രൈവര്‍ക്ക് യാത്രയ്ക്കിടയിലും പ്രാര്‍ഥനയ്ക്ക് അനുമതി നല്‍കിയത്.
‘എയര്‍ പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഊബര്‍ ഡ്രൈവറുടെ ഫോണില്‍ നിന്ന് ബാങ്ക് വിളിയുടെ അലാറം കേള്‍ക്കുകയുണ്ടായി. ഞാനയാളോട് ‘ നോമ്പ് തുറന്നോ’ എന്ന് ചോദിച്ചു. അദ്ദേഹം യാത്രക്കിടെ നോമ്പ് തുറന്നെന്ന് അറിയിച്ചു.
‘നിങ്ങള്‍ക്ക് നമസ്കരിക്കണോ’ എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. നിങ്ങള്‍ അനുവദിക്കുമോയെന്ന് ഡ്രൈവര്‍ ചോദിച്ചപ്പോള്‍ ഞാന്‍ അതെയെന്ന് ഉത്തരം നല്കി. അദ്ദേഹം വണ്ടി റോഡരികില്‍ പാര്‍ക്ക് ചെയ്യുകയും പിന്‍സീറ്റില്‍ ഇരുന്ന് നിസ്കരിക്കുകയും ചെയ്തു’ – പ്രിയ സിങ് ലിങ്ക്ഡ് എഴുതി. സര്‍വ്വമത ഐക്യമുള്ള ഇന്ത്യയെക്കുറിച്ചാണ് എനിക്ക് മാതാപിതാക്കള്‍ പറഞ്ഞുതന്നിട്ടുള്ളതെന്നും അവര്‍ പോസ്റ്റിന് താഴെ എഴുതി.
സാമുദായിക സംഘര്‍ഷവും അക്രമങ്ങളും നടക്കുന്ന കാലത്താണ് മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായി കുറിപ്പ് സോഷ്യല്‍ലോകത്ത് വൈറലായിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
Discussion about this post