വാസ്തുദോഷമാണോ പ്രശ്‌നം, അതോ പ്രേതബാധയോ ? ഗോമൂത്രം തളിക്കൂ എന്ന് യുപി മന്ത്രി

ലഖ്‌നൗ : വാസ്തുദോഷത്തിനും പ്രേതബാധയ്ക്കും ഉത്തമ പരിഹാരവുമായി യുപി ക്ഷീരവികസന മന്ത്രി ധരംപാല്‍ സിംഗ്. പ്രേതബാധയുള്ളയാളുടെ ദേഹത്തും വാസ്തുദോഷമുള്ള വീട്ടിലും ഗോമൂത്രം തളിച്ചാല്‍ മതിയെന്നാണ് സിംഗ് പറയുന്നത്. മീററ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു സിംഗിന്റെ പ്രസ്താവന.

ദൈവങ്ങളുടെ ഇരിപ്പിടമാണ് പശുക്കള്‍ എന്നറിയിച്ച മന്ത്രി ഗോമൂത്രത്തിന്റെ ഗുണഗണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാചാലനാവുകയും ചെയ്തു. “ഗോമൂത്രം ഗംഗയിലെ ജലത്തിനോട് ഒരുപാട് സാമ്യങ്ങള്‍ പുലര്‍ത്തുന്നതാണ്. ഇവ പ്രേതബാധയുള്ള ആളുകളെ അതില്‍ നിന്നും മോചിപ്പിക്കും. വാസ്തു ദോഷമുള്ള വീടുകളില്‍ ഗോമൂത്രം തളിക്കുന്നതും മികച്ച പരിഹാരമാണ്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി ചാണകത്തില്‍ വസിക്കുന്നുണ്ട്. ചാണകം വാങ്ങാനും അത് പാചകവാതകമാക്കി മാറ്റുന്ന കമ്പനികള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ പുതിയ പദ്ധതി വിഭാവനം ചെയ്യുകയാണ് “. സിംഗ് പറഞ്ഞു.

ഗോമൂത്രത്തെ പറ്റി പരാമര്‍ശിച്ച് ഇതാദ്യമായല്ല ധരംപാല്‍ സിംഗ് വാര്‍ത്തകളിലിടം പിടിക്കുന്നത്. ഗോമൂത്രം നിത്യേന കുടിച്ചത് കൊണ്ട് കോവിഡില്‍ നിന്ന് മുക്തി നേടിയെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം വാദിച്ചിരുന്നു.

Exit mobile version