ചെന്നൈ: അമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ട് അവരുടെ പെൻഷൻ തുക അന്യായമായി കൈക്കാലാക്കിയിരുന്ന മക്കൾക്ക് എതിരെ കേസ്. പോലീസ് ഉദ്യോഗസ്ഥനായ മകനും മറ്റൊരു മകനായ കേന്ദ്രസർക്കാർ ജീവനക്കാരനുമാണ് പത്തുവർഷമായി സ്വന്തം അമ്മയെ പൂട്ടിയിട്ടിരുന്നത്. സംഭവത്തിൽ 72 കാരിയായ അമ്മയെ ഉപേക്ഷിച്ചെന്ന കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു. ചെന്നൈയിൽ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഷൺമുഖസുന്ദരം, ദൂർദർശനിൽ ജോലി ചെയ്യുന്ന വെങ്കടേശൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. വയോധികയെ ഭക്ഷണമോ പരിചരണമോ ഇല്ലാതെ ഒറ്റയ്ക്ക് ഒരു വീട്ടിലാക്കിയ ശേഷം മക്കൾ രണ്ടുപേരും വേറെ വീടുകളിലാണ് താമസിച്ചിരുന്നത്. വീട്ടിൽ നഗ്നയായി ആരോഗ്യനില വഷളായ നിലയിലാണ് ജ്ഞാനജ്യോതിയെ കഴിഞ്ഞദിവസം കണ്ടെത്തിയത്. നിലവിൽ തഞ്ചാവൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് 72കാരി. സാമൂഹ്യക്ഷേമ വകുപ്പിന് അജ്ഞാതൻ നൽകിയ രഹസ്യവിവരമാണ് വയോധികയുടെ മോചനത്തിന് കാരണമായത്.
അതേസമയം, അമ്മയുടെ ദുരവസ്ഥയ്ക്ക് കാരണം ഇളയ സഹോദരനാണ് എന്നാണ് പോലീസുകാരനായ ഷൺമുഖസുന്ദരത്തിന്റെ ആരോപണം. അമ്മയ്ക്ക് മാസംതോറും ലഭിക്കുന്ന 30,000 രൂപ പെൻഷൻ ഉപയോഗിക്കുന്നത് വെങ്കടേശൻ ആണ്. അതിനാൽ അമ്മയുടെ ആരോഗ്യനില മോശമായതിന് ഉത്തരവാദി വെങ്കടേശൻ ആണെന്നും ഷൺമുഖസുന്ദരം ആരോപിക്കുന്നു.
എന്നാൽ, അമ്മയെ ഒറ്റയ്ക്കാക്കി മക്കൾ മറ്റു വീടുകളിലാണ് കഴിഞ്ഞിരുന്നതെന്ന് അയൽവാസികൾ പറയുന്നു. വിശപ്പ് സഹിക്കാൻ കഴിയാതെ ഒച്ചവെയ്ക്കുമ്പോൾ ബിസ്കറ്റും പഴങ്ങളും പൂട്ടിയിട്ട വീടിനുള്ളിലേക്ക് വലിച്ചെറിഞ്ഞ് കൊടുക്കാറുണ്ടെന്നും അയൽവാസികൾ പറയുന്നു. ഇവരുടെ ദുരവസ്ഥ വർഷങ്ങളായി അറിയാമെങ്കിലും ഭയം കാരണമാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നാണ് അയൽവാസികളുടെ മൊഴി.
മക്കൾക്ക് ഉന്നതരായതുകൊണ്ട് കേസ് ഒതുക്കാൻ സാധ്യതയുണ്ടെന്ന് കരുതിയിരുന്നതായും അയൽവാസികൾ പറയുന്നു. പോലീസിന്റെ സഹായത്തോടെ വീട് കുത്തിത്തുറന്നാണ് വയോധികയെ രക്ഷിച്ചത്.
Discussion about this post