ചെന്നൈ: തമിഴ്‌നാട്ടിലെ ആദിവാസി വിഭാഗമായ നരിക്കുറുവരുടെ വീട് സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരുവള്ളൂർ ജില്ലയിലെ ആവടി നരിക്കുറുവ കോളനിയിലാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി എത്തിയത്. മുഖ്യമന്ത്രി വീട്ടിലേക്ക് വരുമോയെന്ന് ഈ വിഭാഗത്തിലെ ബാലിക ദിവ്യ അടുത്തിടെ സോഷ്യൽമീഡിയയിലൂടെ ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് പിന്നാലെയാണ് സ്റ്റാലിൻ വീട്ടിലെത്തിയത്. എത്തിയതു മാത്രമല്ല, വർത്തമാനം പറഞ്ഞിരുന്ന് ഭക്ഷണം കഴിച്ചായിരുന്നു മുഖ്യമന്ത്രി മടങ്ങിയത്.
മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയെ തേടി ആവടി നരിക്കുറുവ കോളനിയിൽ നിന്ന് ഒരു പരാതിയെത്തി. കുടിവെള്ളമില്ല, പഠിക്കാനുള്ള സൗകര്യങ്ങളില്ല എന്നൊക്കെ മുഖ്യമന്ത്രിയോട് സാമൂഹിക മാധ്യമത്തിലൂടെ ഒരു പെൺകുട്ടി വിളിച്ചുപറഞ്ഞു. ഇതുകണ്ട സ്റ്റാലിൻ അന്നുതന്നെ പരാതി പറഞ്ഞ ദിവ്യ എന്ന പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ചു. പരാതികളൊക്കെ പരിഹരിക്കാമെന്ന ഉറപ്പുനൽകി. തങ്ങളുടെ വീട്ടിലേക്ക് മുഖ്യമന്ത്രി വരുമോ എന്ന് ചോദിച്ച ദിവ്യയോട് ഒരിക്കൽ വരാമെന്ന ഉറപ്പും സ്റ്റാലിൻ നൽകിയിരുന്നു.
കോളനികൾക്കുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഉദ്ഘാടനം ആവടിയിൽ വച്ച് നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചു. ആവടി ബസ് സ്റ്റാൻഡിന് സമീപമുള്ള ദിവ്യയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. മാലകൾ നിർമിച്ചുവിറ്റാണ് ദിവ്യയുടെ അച്ഛൻ കുമാർ ഉപജീവനമാർഗം കണ്ടെത്തുന്നത്. അതിലൊരു മാല ചാർത്തിയാണ് മുഖ്യമന്ത്രിയെ കുടുംബം സ്വീകരിച്ചത്.
Discussion about this post