ട്രാഫിക് ജോലിക്കിടെ തെരുവോരത്ത് കഴിയുന്ന ബാലന് ട്യൂഷന്‍ എടുത്ത പോലീസുകാരന്‍ ആണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. ദക്ഷിണ കൊല്‍ക്കത്തയില്‍ നിന്നുള്ള ട്രാഫിക് പൊലീസുകാരന്‍ പ്രകാശ് ഘോഷ് ആണ് ആ മിന്നും താരം. ജോലിക്കിടെ ഒഴിവുസമയത്ത് തെരുവില്‍ ജീവിക്കുന്ന ഒരു കുടുംബത്തിലെ ബാലനെയാണ് പ്രകാശ് പഠിക്കാന്‍ സഹായിക്കുന്നത്.
ദക്ഷിണ കൊൽക്കത്തയിൽ ബാലിഗഞ്ച് ഐടിഐക്ക് സമീപത്ത്, തെരുവിൽ കഴിയുന്ന കുടുംബത്തിലെ ബാലനാണ് പ്രകാശ് അഭയമായിരിക്കുന്നത്. ജോലിക്കിടെ ഇദ്ദേഹം അവിചാരിതമായാണ് പ്രകാശ് കുടുംബത്തെ പരിചയപ്പെട്ടത്. എട്ട് വയസുകാരനായ മകന്റെ വിദ്യാഭ്യാസം സംബന്ധിച്ച് തനിക്കുള്ള ആധി അമ്മയാണ് പ്രകാശിനോട് പങ്കിട്ടത്.
ആ അമ്മയുടെ ദുഃഖം കണ്ടതോടെ അദ്ദേഹത്തിന്റെ മനസലിഞ്ഞു. സമീപത്ത് തന്നെയുള്ള സ്ട്രീറ്റ് ഫുഡ് സ്റ്റാളിൽ ജോലി ചെയ്യുകയാണ് ഇവർ. മകനെ പഠിപ്പിച്ച് നല്ലനിലയിൽ എത്തിക്കുകയെന്നതാണ് ഇവരുടെ സ്വപ്നം. അങ്ങനെ ജോലിക്കിടെ ലഭിക്കുന്ന ഒഴിവ് സമയത്ത് മൂന്നാം ക്ലാസുകാരനായ ബാലനെ പ്രകാശ് പഠിപ്പിക്കാൻ തുടങ്ങി.
ഇങ്ങനെ ബാലനെ പ്രകാശ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ചിത്രം കൊൽക്കത്ത പൊലീസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ പകർത്തിയ ചിത്രമാണ് വൈറലാകുന്നത്. നിരവധി പേർ പ്രകാശിനെ അഭിനന്ദിച്ച് രംഗത്തെത്തി.