കോയമ്പത്തൂര്‍: കൊലപ്പെടുത്തി കിണറ്റിലിട്ട യുവാവിന്റെ മൃതദേഹം ഒടുവില്‍ പോലീസിന്റെ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം 85 ദിവസങ്ങള്‍ കഴിഞ്ഞ് പുറത്തെടുത്തു. മൃതദേഹം പുറത്തെടുക്കാന്‍ മാത്രം പോലീസ് പരിശ്രമിച്ചത് 35 ദിവസങ്ങളാണ്. തൂത്തുക്കുടി സ്വദേശി ദൊരൈരാജിന്റെ മകന് ജയവേണു (36) വാണ് കൊല്ലപ്പെട്ടത്. അമ്മ മക്കള്‍ മുന്നേറ്റ കഴകം പ്രാദേശിക നേതാവാണ് ജയവേണു. ഒക്ടോബര്‍ ഒന്നിനാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
10 വര്‍ഷം മുന്‍പ് കോയമ്പത്തൂരിലുണ്ടായിരുന്ന ജയവേണു ചില ആവശ്യങ്ങള്‍ക്കായി ഒക്ടോബര്‍ ഒന്നിന് കോയമ്പത്തൂരിലെത്തിയിരുന്നു. പിന്നാലെ, മുന്‍പരിചയക്കാരായ കോയമ്പത്തൂര്‍ വടമധുരൈ സ്വദേശി രാജേഷ് (36), തടാകം വരപാളയം സ്വദേശി സുരേഷ് (33) എന്നിവര്‍ കൂട്ടിക്കൊണ്ടുപോയി. രാത്രി മദ്യലഹരിയില്‍ ഇരുവരും ചേര്‍ന്ന് ജയവേണുവിനെ കൊലപ്പെടുത്തി ചാക്കിലാക്കി തടാകത്തിനടുത്തുള്ള 150 അടിയിലേറെ ആഴമുള്ള പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. സംഭവത്തിനുശേഷം രാജേഷ് നാടുവിട്ടുപോയി. സുരേഷ് 5 ദിവസത്തിനുശേഷം ആത്മഹത്യയും ചെയ്തു.
ജയവേണുവിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ കൊലപാതക സൂചന ലഭിക്കുകയായിരുന്നു. എന്നാല്‍, ഇതിനിടെ സമീപത്തെ പഞ്ചായത്തുകളിലെ മാലിന്യം പൊട്ടക്കിണറ്റില്‍ തള്ളുകയും ചെയ്തതോടെ മൃതദേഹം കണ്ടെടുക്കല്‍ വലിയ ബുദ്ധിമുട്ടേറിയതായി. എങ്കിലും, 35 ദിവസം നീണ്ട പരിശ്രമം നടത്തി മാലിന്യം നീക്കം ചെയ്താണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉത്തരേന്ത്യയിലായിരുന്ന പ്രതി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ റിമാന്‍ഡിലാണ്.
Discussion about this post