42 ഡിഗ്രി ചൂട്, സൈക്കിളില്‍ ഭക്ഷണമെത്തിച്ച് സൊമാറ്റോ ഡെലിവറി ബോയ്: ആത്മാര്‍ഥത വൈറലായതോടെ ബൈക്ക് സമ്മാനിച്ച് സോഷ്യല്‍ ലോകം

കൊടുംചൂടിലും കൃത്യസമയത്ത് സൈക്കിളില്‍ ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയിയുടെ ആത്മാര്‍ഥതയ്ക്ക് ബൈക്ക് സമ്മാനിച്ച് നന്മ മനസ്സുകള്‍. ദുര്‍ഗ മീന എന്ന ഡെലിവറി ബോയിയ്ക്കാണ് സാമൂഹിക മാധ്യമങ്ങളിലെ നന്മ നിറഞ്ഞവര്‍ ബൈക്ക് നല്‍കിയിരിക്കുന്നത്.

ആദിത്യ ശര്‍മ എന്നയാളാണ് ദുര്‍ഗ മീന എന്ന സൊമാറ്റോ ഡെലിവറി ബോയിയുടെ സൈക്കിള്‍ യാത്രയെ കുറിച്ച് സോഷ്യല്‍ ലോകത്ത് കുറിച്ചിട്ടത്. ‘ഇന്ന് ഞാന്‍ ഓര്‍ഡര്‍ ചെയ്ത കൃത്യസമയത്ത് എത്തി. എന്നാല്‍, എന്നെ ആശ്ചര്യപ്പെടുത്തിയത് ഭക്ഷണവുമായി ഡെലിവറി ബോയി എത്തിയത് സൈക്കിളിലാണെന്നതാണ്. ഇന്ന് എന്റെ നഗരത്തിലെ ചൂട് 42 ഡിഗ്രിയാണ്. ഈ കാലാവസ്ഥയിലാണ് അദ്ദേഹം സൈക്കിളില്‍ കൃത്യസമയത്ത് ഭക്ഷണവുമായെത്തിയത്.

‘നിങ്ങള്‍ ഈ ചൂടില്‍ എങ്ങനെയാണ് സൈക്കിളില്‍ യാത്ര ചെയ്യുന്നതെന്നായിരുന്നു ആദിത്യ ആദ്യം ഡെലിവറി ബോയിയോട് ചോദിച്ചത്. ഞാന്‍ വര്‍ഷങ്ങളായി സൈക്കിളിലാണ് യാത്ര ചെയ്യുന്നത്. ഈ ചൂട് എനിക്ക് ഇപ്പോള്‍ ശീലമായി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അദ്ദേഹത്തിന് ഒരു ബൈക്ക് ആവശ്യമാണെന്ന തോന്നലില്‍ ആദിത്യ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും, ഈ ഓഫര്‍ നിരസിക്കുകയാണ് ആദ്യം ഡെലിവറി ബോയി ചെയ്തത്.

എന്നാല്‍, അദ്ദേഹമെത്തിയ സൈക്കിളും ഡെലിവറി ബാഗിന്റെ ചിത്രങ്ങളുമെടുത്ത് ആദിത്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് വൈറലാകുകയും പല കോണുകളില്‍ നിന്നായി സഹായം എത്തുകയുമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ 75,000 രൂപയാണ് ദുര്‍ഗയ്ക്ക് ബൈക്ക് വാങ്ങിക്കുന്നതിനായി സമാഹരിച്ചത്. അതേ തുടര്‍ന്ന് ഈ തുക ഉപയോഗിച്ച് ഹീറോ സ്പ്ലെന്‍ഡര്‍ ബൈക്ക് വാങ്ങി ദുര്‍ഗയ്ക്ക് സമ്മാനിക്കുകയായിരുന്നു.


ബി.കോം. ബിരുദധാരിയായ ദുര്‍ഗ മീന സാമ്പത്തിക പരാധീനതകള്‍ മൂലമാണ് സോമാറ്റോയില്‍ ഡെലിവറി ജോലിക്കായി ചേര്‍ന്നത്. സ്വന്തമായി ബൈക്ക് ഇല്ലാതിരുന്നതിനാലാണ് സൈക്കിളുമായി ഈ ജോലിക്ക് പോയി തുടങ്ങിയത്. ബൈക്ക് വാങ്ങുന്നതിനുള്ള പണം എത്തിയതോടെ പബ്ലിക്ക് ഫണ്ടിങ്ങ് അവസാനിപ്പിച്ചതായി ആദിത്യ ശര്‍മ ട്വിറ്റര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


ഇപ്പോഴും ആളുകള്‍ പണമയയ്ക്കുന്നത് തുടരുകയാണ്. ‘നമുക്ക് ആവശ്യത്തിനുള്ള പണം ലഭിച്ചു. സഹകരിച്ചവര്‍ക്ക് നന്ദി’ എന്നാണ് ട്വിറ്ററിലെ കുറിപ്പ്.

Exit mobile version