ഉത്തര്‍പ്രദേശ്: ഇന്ധനവിലയ്‌ക്കൊപ്പം പച്ചക്കറി വിലയും കുതിച്ചുകൊണ്ടിരിക്കുകയാണ്. വില കേട്ടാല്‍ പോലും പൊള്ളുന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ മോഷ്ടാക്കളും പച്ചക്കറിയില്‍ നോട്ടമിട്ടിരിക്കുകയാണ്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 60 കിലോഗ്രാം ചെറുനാരങ്ങ, ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയും മോഷ്ടിച്ചിരിക്കുകയാണ് കള്ളന്മാര്‍.
ഷാജഹാന്‍പൂരിലെ ഒരു പച്ചക്കറി വ്യാപാരിയുടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 60 കിലോഗ്രാം ചെറുനാരങ്ങയാണ് മോഷ്ടിച്ചിരിക്കുകയാണ്. ഒരു കിലോ ചെറുനാരങ്ങയുടെ വില 325 രൂപയാണ്.
ഗോഡൗണില്‍ നിന്ന് ഉയര്‍ന്ന വിലയുള്ള മറ്റ് ചില പച്ചക്കറികളും കള്ളന്‍മാര്‍ മോഷ്ടിച്ചിട്ടുണ്ട്. 40 കിലോ ഉള്ളി, 38 കിലോ വെളുത്തുള്ളി, ഒരു ഫോര്‍ക്ക് എന്നിവ മോഷ്ടാക്കള്‍ കൊണ്ടുപോയതായി പച്ചക്കറി വ്യാപാരിയായ മനോജ് കശ്യപ് പറഞ്ഞു.
ഞായറാഴ്ച രാവിലെ പച്ചക്കറി മാര്‍ക്കറ്റിലെത്തിയപ്പോഴാണ് ഗോഡൗണിന്റെ പൂട്ട് തകര്‍ത്ത് പച്ചക്കറികള്‍ റോഡില്‍ ചിതറിക്കിടക്കുന്നത് കണ്ടതെന്ന് ബജാരിയ മേഖലയില്‍ കടയുള്ള ബഹാദുര്‍ഗഞ്ച് മൊഹല്ലയിലെ വ്യാപാരി പറഞ്ഞു. മോഷണവിവരം പുറത്തറിഞ്ഞതോടെ പ്രദേശത്തെ വ്യാപാരികള്‍ പ്രതിഷേധിച്ചു. മോഷ്ടാക്കളെ എത്രയും വേഗം പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ചകളിലായി ചെറുനാരങ്ങയുടെ വിലയില്‍ സമാനതകളില്ലാത്ത വര്‍ധനവാണ് ഉണ്ടായത്. ലഖ്നൗവില്‍, നാരങ്ങ കിലോഗ്രാമിന് 325 രൂപയ്ക്കും ഒരെണ്ണത്തിന് 13 രൂപയ്ക്കുമാണ് വില്‍പന നടത്തുന്നത്. വില കൂടിയതോടെ ദല്‍ തഡ്ക, തന്തൂരി ചിക്കന്‍ എന്നിവ പാചകം ചെയ്യുമ്പോള്‍ ചെറുനാരങ്ങയെ തീര്‍ത്തും ഒഴിവാക്കിയിട്ടുണ്ട്. വീടുകളില്‍ അതിഥികള്‍ക്ക് നല്‍കാറുള്ള നാരങ്ങാവെള്ളവും ഉപേക്ഷിച്ചിട്ടുണ്ട്.
ഉയര്‍ന്ന വില ഉപഭോഗം കുത്തനെ കുറയ്ക്കാന്‍ സാധാരണക്കാരെ നിര്‍ബന്ധിതരാക്കിയപ്പോള്‍, പല വഴിയോര ‘ധാബ’കളും ടേക്ക്അവേ ഭക്ഷണശാലകളും നാരങ്ങ വിളമ്പുന്നത് നിര്‍ത്തി. ആഡംബര ഹോട്ടലുകളിലെ സാലഡില്‍ നിന്നും ചെറുനാരങ്ങ പറപറന്നിട്ടുണ്ട്.
‘ചെറിയ ഹോട്ടലുകള്‍ നാരങ്ങ വിളമ്പുന്നത് നിര്‍ത്തി, ഇന്ധന വില വര്‍ധനയും ഉല്‍പാദനം കുറഞ്ഞതുമാണ് വില പെട്ടെന്ന് ഉയരാന്‍ കാരണം” ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഗിരീഷ് ഒബ്റോയ് പറഞ്ഞു.