ചെന്നൈ: ഐടി സ്ഥാപനമായ ‘ഐഡിയാസ് 2 ഐടി’ കമ്പനി ജീവനക്കാർക്ക് നൽകിയ വ്യത്യസ്തമായ സമ്മാനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കമ്പനിയുടെ വളർച്ചയ്ക്കു സഹായിച്ച ജീവനക്കാർക്ക് കമ്പനിയുടെ ലാഭത്തിൽ നിന്നും 10 കോടിയോളം രൂപ ചെലവഴിച്ച് 100 കാറുകൾ വാങ്ങി നൽകിയിരിക്കുകയാണ് ഉടമകൾ.
ഐഡിയാസ് 2 ഐടി സ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദനും ഭാര്യയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രിയും ചേർന്നാണ് 100 ജീവനക്കാർക്കു മാരുതിയുടെ കാറുകൾ വാങ്ങി സമ്മാനിച്ചത്.
2009ൽ സ്ഥാപിച്ച കമ്പനിക്ക് കഴിഞ്ഞ 4 വർഷത്തിനിടയിൽ വാർഷിക വരുമാനത്തിൽ 56% വർധനയുണ്ടാക്കി. കമ്പനിയെ മുന്നോട്ടു വളരാൻ പ്രാപ്തമാക്കിയ ജീവനക്കാർക്ക് അവർ വഴി ലഭിച്ച സമ്പത്ത് തന്നെയാണ് പങ്കിട്ടുനൽകുന്നതെന്നും ഗായത്രി പറഞ്ഞു.
വിവിധ ശ്രേണിയിലുള്ള ജീവനക്കാർക്കായി 12 ലക്ഷം രൂപ വരെ വിലയുള്ള കാറുകളാണു നൽകിയത്. ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ളവയുമായി ചേർന്നാണ് ഐഡിയാസ്2ഐടി കമ്പനിയുടെ പ്രവർത്തനം.
Discussion about this post