’20 മണിക്കൂര്‍ ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല, 1500 അടി ഉയരത്തില്‍ തൂങ്ങിക്കിടന്നു’: റോപ് വേ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യുവാവ്

റാഞ്ചി: ‘ഈ രാത്രി ഞാന്‍ മുഴുമിപ്പിക്കില്ലെന്നാണ് കരുതിയത്. ഇത് എനിക്ക് ശരിക്കും ഒരു പുനര്‍ജന്മമാണ്. 20 മണിക്കൂര്‍ ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല. മരണത്തിലേക്ക് വീണുപോവുമെന്ന് പലപ്പോഴും തോന്നി’. റോപ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ശൈലേന്ദ്രകുമാര്‍ യാദവിന്റെ വാക്കുകളാണിത്.

ഒരു രാത്രി മുഴുവന്‍ 1500 അടി ഉയരത്തില്‍ തൂങ്ങി നിന്ന 32 പേരില്‍പ്പെട്ട ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ ഏതാണ്ട് 20 മണിക്കൂറുകളാണ് ഇവര്‍ റോപ് വേയില്‍ തൂങ്ങി നിന്നത്. ദിയോഗറിലെ കേബിള്‍ കാര്‍ അപകടത്തെ തുടര്‍ന്ന് റോപ് വേയില്‍ മണിക്കൂറുകളോളം കുടുങ്ങിയ അനുഭവം പങ്കുവെയ്ക്കുകയായിരുന്നു ശൈലേന്ദ്ര കുമാര്‍ യാദവ്.

രാത്രി മുഴുവന്‍ ട്രോളിയില്‍ കഴിച്ചുകൂട്ടി. തിങ്കളാഴ്ചയാണ് ഹെലികോപ്ടര്‍ എത്തി രക്ഷപ്പെടുത്തിയത്. രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതും കാത്തിരിക്കുകയായിരുന്നു. വിശപ്പും ദാഹവും വല്ലാതെ അലട്ടിയിരുന്നു. വെള്ളം പോലും കിട്ടാതെ മരിച്ചുപോകുമെന്ന് ഭയപ്പെട്ടു. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ മധുബനിയില്‍ നിന്നാണ് യാദവും സുഹൃത്തുക്കളും ദിയോഗറിലെത്തി കേബിള്‍ കാറില്‍ കയറിയത്. എന്നാല്‍ വൈകുന്നേരം അഞ്ച് മണിയോടെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. രണ്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഭക്ഷണവും വെള്ളവും പോലുമില്ലാതെ ഒരു രാത്രി മുഴുവന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 32 പേരാണ് റോപ് വേയില്‍ കുടുങ്ങിയത്. ബിഹാര്‍, ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. റോപ്വേയുടെ ഉയരക്കൂടുതലാണ് രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. 1500 അടി ഉയരത്തില്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ എത്തിയിരുന്നു.

ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികുട്ട് മലമുകളിലെ റോപ് വേയില്‍ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. റോപ്വേയിലെ 12 ക്യാബിനുകളിലായി ആകെ 48 പേരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. 14 പേരെ രക്ഷപ്പെടുത്തി. ബാക്കി 32 പേരാണ് മണിക്കൂറുകളോളം ക്യാബിനില്‍ കുടുങ്ങിയത്. വ്യോമസേനയുടെ രണ്ടു മിഗ്-17 ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ദേശീയ ദുരന്തരനിവാരണ സേനയും സ്ഥലത്തുണ്ട്.

Read Also: ‘അവനും സുഖമില്ലാത്തതാ..മുതുകത്ത് ഒരടി തന്നതേയുള്ളൂ, പരാതിയൊന്നുമില്ല’: കൊല്ലത്തെ മര്‍ദ്ദനത്തില്‍ മകനെ സംരക്ഷിച്ച് അമ്മ


ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുത് പഹറില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി കാറുകള്‍ കൂട്ടിയിടിച്ചു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൂട്ടിയിടി എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല.

Exit mobile version