ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകൻ പ്രതിമ അനാച്ഛാദനം ചെയ്തു. തമിഴ്നാട്ടിലെ സേലം ജില്ലയിലെ പുത്തിരഗൗണ്ടംപാളയത്താണ് പ്രതിമ കുംഭാഭിഷേകം നടത്തി ഭക്തർക്കായി തുറന്നു കൊടുത്തത്. 146 അടിയാണ് ഈ പ്രതിമയുടെ ഉയരം. പുത്തിരഗൗണ്ടംപാളയത്തെ ഒരു ട്രസ്റ്റ് ആണ് പ്രതിമ നിർമ്മിച്ചത്. ഈ പ്രതിമയ്ക്ക് മലേഷ്യയിലെ 140 അടി ഉയരമുള്ള പാത്തുമലൈ മുരുകൻ പ്രതിമയേക്കാൾ ഉയരമുണ്ട്.
പ്രതിമയുടെ കുംഭാഭിഷേക ചടങ്ങിൽ ഹെലികോപ്റ്ററിൽ നിന്നാണ് പുഷ്പാഭിഷേകം നടത്തിയത്. ആരാധനയ്ക്കും പൂജാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുമായി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേയ്ക്ക് ഒഴുകിയെത്തിയത്. മലേഷ്യയിലെ മുരുകൻ പ്രതിമയാണ് സേലത്തെ പ്രതിമയുടെ നിർമ്മാണത്തിന് പ്രചോദനമായത്. ശ്രീ മുതുമല മുരുകൻ ട്രസ്റ്റ് ചെയർമാൻ എൻ ശ്രീധർ തന്റെ ജന്മനാടായ ആറ്റൂരിലാണ് ഏറ്റവും ഉയരമുള്ള മുരുകന്റെ പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചത്.
എല്ലാവർക്കും മലേഷ്യയിൽ പോയി അവിടെയുള്ള ദൈവത്തെ ആരാധിക്കാൻ കഴിയില്ല. അതിനാൽ സേലം ജില്ലയിൽ ഇത്തരത്തിൽ ഒരു പ്രതിമ നിർമ്മിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നതായാണ് വിവരം. പിന്നീട് 2014ൽ വ്യവസായി കൂടിയായ ശ്രീധർ തന്റെ സ്വന്തം സ്ഥലത്ത് ക്ഷേത്രവും മുതുമലൈ മുരുകന്റെ പ്രതിമയും നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.
ശ്രീധർ പ്രതിമ നിർമ്മിക്കാൻ ശിൽപിയായ തിരുവാരൂർ ത്യാഗരാജനെയാണ് ഏൽപ്പിച്ചിരുന്നത്. 2006ൽ മലേഷ്യയിൽ മുരുകൻ പ്രതിമ നിർമ്മിച്ച അതേ ശിൽപിയാണ് ഇദ്ദേഹം. പ്രതിമയുടെ നിർമ്മാണ പ്രക്രിയ ആരംഭിക്കാൻ ശ്രീധർ ഏകദേശം രണ്ട് വർഷമാണ് സമയം എടുത്തത്.