ബിഹാര്‍: ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇരുമ്പു പാലം മോഷ്ടിച്ചു. മോഷ്ടാക്കള്‍ പട്ടാപ്പകലാണ് 60 അടി നീളവും 500 ടണ്‍ ഭാരവുമുള്ള പാലം കവര്‍ന്നത്.
ബിഹാര്‍, റോഹ്താസ് ജില്ലയിലെ അമിയവാറിലാണ് സംഭവം. മോഷ്ടാക്കള്‍ ബുള്‍ഡോസറുകളുടെയും ഗ്യാസ് കട്ടറിന്റെയും സഹായത്തോടെ പാലം മുഴുവന്‍ വെട്ടി പിഴുതെടുത്ത് വാഹനങ്ങളില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
1972ലാണ് അറ കനാലിന് കുറുകെയാണ് പാലം നിര്‍മിച്ചത്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് നടിച്ച മോഷ്ടാക്കള്‍ പ്രാദേശിക വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും തേടിയിരുന്നു. തുടര്‍ന്ന് പകല്‍വെളിച്ചത്തില്‍ പാലം മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.
പാലം കടത്താനുള്ള എല്ലാവിധ സജ്ജീകരണങ്ങളോടെയുമാണ് കള്ളന്മാര് എത്തിയത്. പതിറ്റാണ്ടുകളായി തകര്‍ന്നുകിടക്കുന്ന ഈ ഇരുമ്പുപാലം ജനങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. ജീര്‍ണാവസ്ഥയിലുള്ള പാലം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അപേക്ഷ നല്‍കിയിരുന്നു.
പാലം മോഷണം പോയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി നാട്ടുകാര്‍ക്കും പ്രാദേശിക വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മനസിലായത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ജലസേചന വകുപ്പ് ജൂനിയര്‍ എഞ്ചിനീയര്‍ അര്‍ഷാദ് കമല്‍ ഷംസി പറഞ്ഞു.
Discussion about this post