സൂറത്ത് : ഗുജറാത്തിലെ സൂററ്റില്‍ സ്വര്‍ണത്തരികള്‍ തേടി മാന്‍ഹോളിലിറങ്ങിയ യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. രോഹിത് റാത്തോഡ് (24), കരണ്‍ റാത്തോഡ്(27) എന്നിവരാണ് മരിച്ചത്. സൂററ്റിലെ ഗോപിപുരയില്‍ ഇന്നലെയായിരുന്നു സംഭവം.
പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപം നിരവധി ചെറിയ ആഭരണനിര്‍മാണ ശാലകളുണ്ട്. ഇവിടെ തിരഞ്ഞാല്‍ സ്വര്‍ണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍ ഇന്നലെ പുലര്‍ച്ചയോടെ എത്തിയത്. പത്ത് അടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തന്നെ ഇരുവര്‍ക്കും ശ്വാസതടസ്സം നേരിടാന്‍ തുടങ്ങി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ഉടന്‍ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചു. സേന സ്ഥലത്തെത്തി അഴുക്ക് ചാലില്‍ പൈപ്പ് വെട്ടിമാറ്റി ഇരുവരെയും പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും അബോധാവസ്ഥയില്‍ ആയിരുന്ന യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
നിര്‍മാണശാലകളുള്ളതിനാല്‍ ഇവിടെ ആളുകള്‍ സ്വര്‍ണം തേടുക പതിവാണെന്നാണ് പരിസരവാസികള്‍ അറിയിച്ചിരിക്കുന്നത്. സ്വര്‍ണപ്പൊടികള്‍ അഴുക്കുചാലിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇത് തേടിയാണ് മിക്കവരുടെയും വരവ്. പ്രദേശത്ത് ഇരുപതിലധികം ആഭരണ നിര്‍മാണ യൂണിറ്റുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവാക്കളുടെ മരണത്തില്‍ അത്വാലിന്‍സ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.