18 വയസ്സിന് മുകളിലുളള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ്: കോവിഷീല്‍ഡിന് 600 രൂപ, കോവോവാക്‌സിന് 900 രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ 18 വയസ്സിന് മുകളിലുളള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര തീരുമാനം. ഏപ്രില്‍ പത്ത് ഞായറാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങും. രാജ്യത്തെ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം നടക്കുക.

അതിനാല്‍ ആദ്യ രണ്ട് ഡോസ് വാക്‌സിന്‍ പോലെ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സൗജന്യമായിരിക്കില്ല. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒമ്പത് മാസം പൂര്‍ത്തിയായ ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ അനുമതിയുള്ളൂ. മൂന്നാം ഡോസ് നിര്‍ബന്ധമാക്കിയ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനുള്ള അനുമതി ആശ്വാസമാകും.

ബൂസ്റ്റര്‍ ഡോസ് ആയുള്ള കോവിഷീല്‍ഡ് വാക്സിന്‍ 600 രൂപയും നികുതിയും ഉള്‍പ്പെടുന്ന തുകയ്ക്ക് ലഭ്യമാകുമെന്നും പൂനാവാല പറഞ്ഞു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുതുതായി വികസിപ്പിച്ച കോവോവാക്‌സ് ബൂസ്റ്റര്‍ ഡോസിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് 900 രൂപയും നികുതിയും ഉള്‍പ്പെടുന്ന തുകയ്ക്ക് ലഭ്യമാക്കും.

യുഎസ് ആസ്ഥാനമായുള്ള നോവാവാക്സുമായി കൈകോര്‍ത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന വാക്‌സിനാണ് കോവോവാക്‌സ്. കോവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും കോവോവാക്സിന് അനുമതിയായിട്ടില്ല. ആശുപത്രികള്‍ക്കും വിതരണക്കാര്‍ക്കും വലിയ രീതിയിലുള്ള വിലക്കിഴിവുകള്‍ നല്‍കുമെന്നും പുനാവാല പറഞ്ഞു.

നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, അറുപതു വയസ്സുകഴിഞ്ഞവര്‍ എന്നിവര്‍ക്ക് മാത്രമാണ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി ലഭിക്കുന്നത്.

Exit mobile version