ബംഗളൂരു: ഹലാല്‍ മാംസം, ബിരിയാണി വിവാദത്തിന് പിന്നാലെ മാമ്പഴ വ്യാപാരികള്‍ക്ക് എതിരെയും ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രചാരണം. ഹിജാബ്, പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗ നിരോധനം എന്നിവ വിവാദമായ കര്‍ണാടകയില്‍ നിന്നാണ് മാമ്പഴ വ്യാപാരികള്‍ക്കെതിരെയും പ്രചാരണം.
മാമ്പഴ വിപണിയില്‍ ഹിന്ദുക്കള്‍ക്ക് മേധാവിത്വം വേണമെന്നാണ് ഹിന്ദുത്വ സംഘടനയായ ശ്രീരാമ സേനയുടെ ആവശ്യം. ‘മാമ്പഴ വിപണി നിയന്ത്രിക്കുന്നത് മുസ്ലീം വ്യാപാരികളാണ്, പാവപ്പെട്ട ഹിന്ദു മാമ്പഴ കര്‍ഷകരും വ്യാപാരികളും ഏറ്റെടുക്കേണ്ട സമയമാണിത്. ഇത് ഹിന്ദു മാമ്പഴ കര്‍ഷകര്‍ക്ക് അഭിവൃദ്ധി ഉറപ്പാക്കും. എന്നാണ് ശ്രീരാമ സേന നേതാവ് സിദ്ധലിംഗ സ്വാമിജിയുടെ പ്രതികരണം.
‘ഞങ്ങള്‍ മുസ്ലീങ്ങളോട് കച്ചവടം ചെയ്യരുതെന്ന് പറയുന്നില്ല. ഹിന്ദു യുവാക്കള്‍ വിപണിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് മാത്രമാണ് പറയുന്നത്. മുസ്ലീങ്ങള്‍ക്ക് വില നിശ്ചയിക്കാന്‍ കഴിയില്ല എന്നും ശ്രീരാമ സേന പറയുന്നു.
അതേസമയം, വിവാദങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കോലാര്‍ മാമ്പഴ ഉല്‍പാദക അസോസിയേഷന്‍ പ്രസിഡന്റ് ജില്ലാ നീലത്തൂര്‍ ചിന്നപ്പ റെഡ്ഡി പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മാമ്പഴ കര്‍ഷകര്‍ക്ക് സഹായകരമാവുന്ന നിലയില്‍ വിലയുള്‍പ്പെടെ ലഭ്യമാക്കാന്‍ ശ്രമിക്കണമെന്നാണ് സംഘടനയുടെ നിലപാട് എന്നും ചിന്നപ്പ റെഡ്ഡി പ്രതികരിച്ചു.
ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ വിലപ്പോവില്ലെന്നാണ് ശ്രീനിവാസപുരിലെ മാമ്പഴ വ്യാപാരി അനീസ് അഹമ്മദിന്റെ നിലപാട്. ഹിന്ദു മുസ്ലിം വ്യാപാരികള്‍ തലമുറകളായി യോജിച്ച് വ്യാപാരം നടത്തിവരുന്നവരാണ്. ചില സമയങ്ങളില്‍ മുസ്ലീം വ്യാപാരികള്‍ ഹിന്ദു കര്‍ഷകര്‍ക്ക് അവരുടെ ഫാമുകളില്‍ മാമ്പഴം വളര്‍ത്തുന്നതിനുള്‍പ്പെടെ സാമ്പത്തിക സഹായം നല്‍കി വരാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാണ് കോലാര്‍ ജില്ലാ സഹകരണ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ബൈലഹള്ളി ഗോവിന്ദ ഗൗഡ വിഷയത്തോട് പ്രതികരിച്ചത്. നിക്ഷിപ്ത താല്‍പര്യക്കാരാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.