ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി അല്‍ ഖായിദ തലവന്‍

ന്യൂഡല്‍ഹി : കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ഭീകര സംഘടന അല്‍ ഖായിദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരി. വിഗ്രഹാരാധകരായ ഹിന്ദുക്കളുടെ ജനാധിപത്യമെന്ന മായികതയാല്‍ വഞ്ചിക്കപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ഹിജാബിനെയും ശരീയത്തിനെയും എതിര്‍ക്കുന്നവര്‍ മുസ്ലിങ്ങള്‍ക്കെതിരാണെന്നും പറയുന്ന സവാഹിരിയുടെ വീഡിയോ പുറത്തു വന്നു.

“യഥാര്‍ഥ ലോകത്ത് മനുഷ്യാവകാശം, ഭരണഘടനയോടുള്ള ബഹുമാനം, നിയമങ്ങള്‍ എന്നിവയൊന്നും ഇല്ല. ഇത്തരം മിഥ്യാധാരണകളില്‍ നിന്നെല്ലാം പുറത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്കെതിരായി നടക്കുന്ന യുദ്ധത്തിന്റെ ഭാഗമാണിതെല്ലാം. ഫ്രാന്‍സിനെയും ഹോളണ്ടിനെയുമൊക്കെ നോക്കൂ. പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കാം. പക്ഷേ ഹിജാബ് അനുവദനീയമല്ല. ഇസ്ലാമിന്റെ രീതികളോടും മൂല്യങ്ങളോടും മര്യാദകളോടുമൊക്കെയാണ് ഈ യുദ്ധം. ഇതിനെതിരെ നാം ഒറ്റക്കെട്ടായി പൊരുതണം”. സവാഹിരി വീഡിയോയില്‍ ആഹ്വാനം ചെയ്തു.

ഹിജാബ് ധരിച്ചെത്തിവരെ തടഞ്ഞവര്‍ക്ക് മുന്നിലൂടെ നടന്ന് നീങ്ങിയ മുസ്‌കാന്‍ എന്ന വിദ്യാര്‍ഥിനിയെ സവാഹിരി വീഡിയോയില്‍ പുകഴ്ത്തുന്നുമുണ്ട്. ഇന്ത്യയുടെ കുലീനയായ വനിതയാണ് മുക്‌സാനെന്ന് പ്രകീര്‍ത്തിച്ച സവാഹിരി വിദ്യാര്‍ഥിനിയ്ക്കായി ഒരു കവിതയും ചൊല്ലി. അഫ്ഗാനില്‍ വെച്ച് രോഗബാധിതനായി മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് ആറ് മാസം മുമ്പാണ് സവാഹിരി ആദ്യമായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് ആറ് മാസത്തിനിടെയുള്ള രണ്ടാമത്തെ വീഡിയോയാണ്. ഒരു പരിക്കുമില്ലാതെ ജീവിച്ചിരിക്കുന്നെന്നും ഇന്ത്യയുള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളിലെ സംഭവവികാസങ്ങളെ സവാഹിരിയും സംഘവും കൃത്യായി വിലയിരുത്തുന്നുണ്ടെന്നുമാണ് വീഡിയോകള്‍ തെളിയിക്കുന്നത്.

Exit mobile version