‘ഒരു കുടുംബത്തില്‍ നിന്ന് മോഡി സര്‍ക്കാര്‍ ഇന്ധന നികുതിയായി പിരിച്ചെടുത്തത് ഒരു ലക്ഷം രൂപ’; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് പി ചിദംബരം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ദിവസം തോറും മുകളിലേക്ക് തന്നെ കുതിക്കുകയാണ്. യുദ്ധം കാരണമാണ് വില വര്‍ധനവ് എന്ന് കേന്ദ്രം അവകാശപ്പെടുമ്പോള്‍ യുദ്ധം കഴിഞ്ഞാല്‍ ഇപ്പോള്‍ ഈ കൂട്ടിയതൊക്കെ കുറയ്ക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിന് പിന്നാലെ നടുക്കുന്ന ഒരു കണക്ക് പുറത്തുവിട്ടിരിക്കുകയാണ് മുന്‍കേന്ദ്രമന്ത്രി കൂടിയായ പി ചിദംബരം.

കേന്ദ്രസര്‍ക്കാര്‍ ഏട്ടുവര്‍ഷത്തിനിടെ ഇന്ധനനികുതി മാത്രമായി നേടിയത് 26,51,919 കോടി രൂപയാണെന്ന് അദ്ദേഹം ട്വീറ്റില്‍ പറയുന്നു. ഇന്ത്യയില്‍ ഏകദേശം 26 കോടി കുടുംബങ്ങളുണ്ടെന്ന് കണക്കാക്കിയാല്‍ ഒരു കുടുംബത്തില്‍ നിന്ന് ശരാശരി ഒരു ലക്ഷം രൂപയാണ് മോഡി സര്‍ക്കാര്‍ ഇന്ധന നികുതിയായി പിരിച്ചെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

‘കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രധാന വരുമാനം ചരക്കു സേവന നികുതിയും ഇന്ധന നികുതിയുമാണ്. സര്‍ക്കാറിന്റെ സ്വര്‍ണഖനിയാണ് രണ്ടാമത്തേത്. ഓരോ മിനിറ്റിലും, ഓരോ ദിവസത്തിലും നികുതി ദായകര്‍ സ്വര്‍ണം കുഴിച്ച് കൈമാറുമെന്ന് ഗവണ്‍മെന്റ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മോഡി ഗവണ്‍മെന്റ് അധികാരമേറുമ്പോഴും ഇപ്പോഴുമുള്ള എക്സൈസ് തീരുവ നോക്കൂ. 2014 മെയ് മാസത്തില്‍ പെട്രോള്‍ ലിറ്ററിന് 9.20 രൂപയും ഡീസലിന് 3.46 രൂപയുമായിരുന്നു എക്സൈസ് നികുതി. ഇപ്പോഴത് യഥാക്രമം 26.90 രൂപയും 21.80 രൂപയുമാണ്.

പെട്രോള്‍ ലിറ്ററിന് അന്ന് 71.41 രൂപയായിരുന്നു എങ്കില്‍ ഇപ്പോള്‍ 101-116 രൂപയാണ്. ഡീസല്‍ വില അന്ന് 55.49 രൂപയായിരുന്നു. ഇന്ന് 96-100 രൂപ. എല്‍.പി.ജി സിലിണ്ടറിന്റെ വില 410ല്‍ നിന്ന് 949-1000 രൂപയായി. പിഎന്‍ജി 25.50 രൂപയില്‍ നിന്ന് 36.61 ആയി. ഒരു കിലോ സിഎന്‍ജിയുടെ വില 35.20 രൂപയില്‍ നിന്ന് 67-79 രൂപയായി’ – ചിദംബരം പറയുന്നു.

Exit mobile version