ഭോപ്പാല്‍ : പത്താം ക്ലാസ് പരീക്ഷ തോറ്റാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭയന്ന് പതിനഞ്ചുവയസുകാരന് പിതാവിനെ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം.
ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ കോടാലി ഉപയോഗിച്ചാണ് കുട്ടി വെട്ടിക്കൊന്നത്. പിന്നീട് കുറ്റം അയല്‍വാസിയുടെ തലയില്‍ കെട്ടി വയ്ക്കാനും ശ്രമിച്ചു. സംഭവം നടന്ന ഏപ്രില്‍ 2ന് പുലര്‍ച്ചെ അയല്‍വാസിയും മറ്റൊരാളും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന് കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് അയല്‍വാസിയെ കസ്റ്റഡിയിലെടുത്തെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്ന് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി കുറ്റം സമ്മതിച്ചത്. പഠിക്കാത്തതിന് അച്ഛന് ശകാരിക്കുമായിരുന്നുവെന്നും പരീക്ഷയ്ക്ക് തോറ്റാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുട്ടി അറിയിച്ചതായി പോലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. പരീക്ഷയ്ക്ക് വേണ്ട വിധത്തില്‍ പഠിക്കാതെ ഇരുന്ന കുട്ടി തോല്‍ക്കുമെന്ന് ഭയന്നിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കുട്ടിയെ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലയച്ചു.
Discussion about this post