ന്യൂഡല്‍ഹി: പുതിയ കോവിഡ് ‘എക്സ്ഇ (XE)’ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. മുംബൈയിലെ 50 വയസുകാരിയായ രോഗിയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോണിനെക്കാള്‍ തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണിത്. രോഗിക്ക് ഗുരുതമായ ലക്ഷണങ്ങളില്ലെന്ന് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഫെബ്രുവരി പത്തിനാണ് കോസ്റ്റ്യൂം ഡിസൈനറായ ഇവര്‍ ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയത്. അന്നുനടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. നിലവില്‍ നിരീക്ഷണത്തിലുള്ള രോഗി രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതാണ്.
230 പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് ഒരാളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. മറ്റൊരാളില്‍ ‘കാപ്പാ’ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ള 228 സാംപിളുകള്‍ ഒമിക്രോണ്‍ പോസിറ്റീവാണെന്നും ബിഎംസി പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
എക്സ്.ഇ വകഭേദം ബ്രിട്ടണിലാണ് ആദ്യം കണ്ടെത്തിയത്. ഒമിക്രോണ്‍ ബിഎ 1, ബിഎ 2 വകഭേദങ്ങള്‍ക്ക് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ വൈറസാണ് എക്സ്ഇ. പ്രാഥമിക പഠനങ്ങള്‍ പ്രകാരം ഒമിക്രോണിന്റെ ബിഎ- 2 വകഭേദത്തേക്കാള്‍ പത്ത് മടങ്ങ് വ്യാപനശേഷിയുള്ളതാണ് പുതിയ വൈറസെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
കോവിഡിന്റെ ഒന്നിലധികം വകഭേദങ്ങള്‍ ഒരു രോഗിയെ ബാധിക്കുമ്പോഴാണ് വൈറസുകള്‍ക്ക് ഇത്തരത്തില്‍ ജനതക മാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന് നേരത്തെ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
ജനുവരി 19ന് ബ്രിട്ടനില്‍ ആദ്യമായി കണ്ടെത്തിയ എക്‌സ്ഇ വകഭേദത്തിന് നിലവില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദത്തേക്കാള്‍ 10 ശതമാനം വ്യാപനശേഷി കൂടുതലുണ്ടെന്നാണ് വിലയിരുത്തല്‍. ബി എ 1, ബിഎ.2 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്‌സ് ഇ.
Discussion about this post